മഴയിൽ വീണു മുളച്ച നെൽക്കൃഷിയെല്ലാം ഉഴുതുമറിച്ചു

Sunday 31 October 2021 12:51 AM IST
മഴമൂലം വീണുമുളച്ച നെൽകൃഷിയെല്ലാം ഉഴുതുമറിച്ച കൃഷിയിടത്തിൽ കണക്കമ്പാറ വാസു.

ചിറ്റൂർ: കൊയ്യാൻ പാകമായ ഒന്നാംവിള നെൽക്കൃഷി കാലാവസ്ഥാ വ്യതിയാനം മൂലം അപ്രതീക്ഷിതമായി ഉണ്ടായ കനത്ത മഴയിൽ വയലിൽ വീണു മുളച്ച കർഷകന്റെ 50 സെന്റ് കൃഷിയിടം മുഴുവൻ ട്രാക്ടർ ഉപയോഗിച്ച് ഉഴുതുമറിച്ചു. കണക്കമ്പാറ വാസുവിന്റെ നെൽക്കൃഷിയാണ് ഉഴുതുമറിക്കേണ്ട അവസ്ഥയിൽ മുളച്ച് നശിച്ചത്.

നടീൽ നടത്തി അടിവളങ്ങളും മേൽവളവും പല പ്രാവശ്യം ഉപയോഗിച്ചും രണ്ടുതവണ കള പറിച്ചും കീടരോഗ പ്രതിരോധത്തിന് കീടനാശിനി ഉപയോഗിച്ചും വലിയ ചെലവ് ചെയ്തു ഉണ്ടാക്കിയ അദ്ധ്വാനമാണ് വാസുവിന് ഇതുമൂലം നഷ്ടമായത്. ഒരുപിടി നെല്ലോ വയ്ക്കോലോ അല്പം പോലും ലഭിക്കാതെ പൂർണ്ണമായും നശിക്കുകയായിരുന്നു. ഇത്തരം കർഷകർ വേറെയുമുണ്ട് നല്ലേപ്പിള്ളി, ചിറ്റൂർ പ്രദേശങ്ങളിൽ.

കൂടാതെ നെൽച്ചെടി വീഴാതെ കൊയ്ത്തു നടത്താൻ കഴിഞ്ഞ കർഷകരുടെ സ്ഥിതിയും ദയനീയമാണ്. ഭൂരിപക്ഷം കർഷകർക്കും ഒന്നാംവിള 50 ശതമാനത്തിലേറെ കുറവു വന്നിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടു കാരണം രണ്ടാംവിള കൃഷിയിറക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് പല കർഷകരും. ലഭിച്ച വയ്ക്കോലും ആർക്കും ഉണക്കിയെടുക്കാൻ കഴിഞ്ഞിട്ടില്ല.

നാശനഷ്ടം സംഭവിച്ച എല്ലാ കർഷകർക്കും ഇൻഷ്വറൻസ്, സർക്കാർ സഹായങ്ങൾ എന്നിവ അടിയന്തരമായി നൽകണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യം.