സുഗന്ധവ്യഞ്ജന വ്യാപാരം ശക്തിപ്പെടുത്താൻ ഇൻഡോനേഷ്യ

Sunday 31 October 2021 12:19 AM IST

കൊച്ചി: സുഗന്ധ വ്യഞ്ജന മേഖലയിലെ വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനും ഇന്ത്യയിലെ കയറ്റുമതി, ഇറക്കുമതി വ്യാപാരം മെച്ചപ്പെടുത്തുന്നതിനും ഇൻഡോനേഷ്യയിലെ "36 ട്രേഡ് എക്‌സ്‌പോ" അവസരമൊരുക്കും. ഈമാസം 21 മുതൽ ഡിസംബർ 20 വരെ നടക്കുന്ന മേളയിൽ ഇന്ത്യയിലെ സുഗന്ധ വ്യഞ്ജന ഇറക്കുമതിക്കാർക്ക് ഇൻഡോനേഷ്യൻ വില്പനക്കാരുമായി സഹകരിക്കാനും കയറ്റുമതി മേഖലയിലെ വ്യാപാരികൾക്ക് ഇൻഡോനേഷ്യയിലെ പ്രധാന ഭക്ഷ്യോത്‌പന്ന നിർമാതാക്കളുമായും റെസ്റ്ററന്റ് ഔട്ട്ലെറ്റുകളുമായും നേരിട്ട് ബന്ധപ്പെടാനുള്ള അവസരം ഒരുക്കുമെന്ന് മുംബയിലെ ഇൻഡോനേഷ്യൻ കോൺസൽ ജനറൽ അഗസ് പി സപ്റ്റനോ പറഞ്ഞു. കൊച്ചിയിൽ സുഗന്ധവ്യഞ്ജന മേഖലയിലെ വാണിജ്യ, വ്യവസായ മേഖലയിൽ നിന്നുള്ള ഫിക്കി പ്രതിനിധി സംഘത്തെ അഭിസംബോധന ചെയ്യുകയായിരുന്നു കോൺസൽ ജനറൽ. ഇൻഡോനേഷ്യയിൽ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ പ്രധാന ഇറക്കുമതിക്കാരാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമ്പൂ, കുരുമുളക്, കാസിയ, ഇഞ്ചി, മഞ്ഞൾ, ഏലം, മറ്റ് സുഗന്ധവ്യഞ്ജനങ്ങൾ, സുഗന്ധവ്യഞ്ജന എണ്ണ മുതലായവയുടെ അസംസ്കൃത വസ്തുക്കൾ ഇന്ത്യ പ്രധാനമായും ഇൻഡോനേഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുകയും അവയുടെ മൂല്യവർധിത ഉത്‌പന്നങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. ഇന്ത്യയിൽ സുഗന്ധവ്യഞ്ജന വ്യാപാരികളുടെ പ്രധാന വിപണിയാണ് ഇൻഡോനേഷ്യ. ഇന്ത്യയും ഇൻഡോനേഷ്യയും രണ്ട് സഹസ്രാബ്ദങ്ങളായി അടുത്ത സാംസ്കാരിക ,വാണിജ്യ ബന്ധങ്ങൾ പുലർത്തി വരുന്നതായും കോൺസൽ ജനറൽ ചൂണ്ടിക്കാട്ടി.