ഓൺലൈൻ തട്ടിപ്പ്: ആലുവയിൽ വെൽഡിംഗ് തൊഴിലാളിയുടെ അര ലക്ഷം സ്വാഹ...

Sunday 31 October 2021 12:43 AM IST

ആലുവ: പൊലീസ് പലവട്ടം മുന്നറിയിപ്പ് നൽകിയിട്ടും ആലുവയിൽ ഓൺലൈൻ തട്ടിപ്പ് തുടർക്കഥയാകുന്നു. കീഴ്മാട് മലയൻകാട് കണ്ണാട്ടുപറമ്പിൽ ഷെമീറാണ് ഒടുവിൽ കബളിപ്പിക്കപ്പെട്ടത്. എച്ച്.ഡി.എഫ്.സി ബാങ്കിലെ സ്റ്റാഫ് ആണെന്നും ക്രെഡിറ്റ് കാർഡ് തയ്യാറായിട്ടുണ്ടെന്നും പറഞ്ഞ് വിളിച്ചയാൾ നിമിഷങ്ങൾക്കകം ഷെമീറിന്റെ അക്കൗണ്ടിൽ നിന്ന് അര ലക്ഷം രൂപ തട്ടിയെടുത്തു.

ഒക്ടോബർ 20ന് ഫോണിൽ ബന്ധപ്പെട്ട വ്യക്തി എച്ച്.ഡി.എഫ്.സി ഉദ്യോഗസ്ഥൻ ഹരിയോം കേശ്രീയാണെന്ന് അവകാശപ്പെട്ടു. വിശ്വസിപ്പിക്കുന്നതിനായി എച്ച്.ഡി.എഫ്.സിയിലെ ഐ.ഡി കാർഡ് വാട്ട്‌സ് ആപ്പിൽ ഷെമീറിന് അയച്ചുകൊടുത്തു. പിന്നാലെ ക്രെഡിറ്റ് കാർഡിന്റെ ആവശ്യത്തിനെന്ന പേരിൽ ഷെമീറിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. തൊട്ടുപിന്നാലെ എച്ച്.ഡി.എഫ്.സി ആലുവ ശാഖയിൽ ഷെമീറിന്റെ സേവിംഗ് അക്കൗണ്ടിൽ നിന്ന് 50,000 രൂപ നഷ്ടമായതായി എസ്.എം.എസ് ലഭിച്ചു. വെൽഡിംഗ് തൊഴിലാളിയായ ഷെമീർ ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിനിരയായെന്നറിഞ്ഞത്. ബാങ്കിൽ ഹരിയോം കേശ്രീയെന്ന ഉദ്യോഗസ്ഥൻ ഇല്ലെന്നും ബോദ്ധ്യമായി. ബാങ്കിലും ആലുവ ഈസ്റ്റ് സൈബർ പൊലീസിനും പരാതി നൽകിയിട്ടുണ്ട്. 10 ദിവസം പിന്നിട്ടിട്ടും അന്വേഷണത്തിൽ പുരോഗതിയില്ലെന്നാരോപിച്ച് അൻവർ സാദത്ത് എം.എൽ.എക്കും ഷെമീർ പരാതി നൽകി.

ഫോൺ മുഖേന ബന്ധപ്പെടുന്ന അപരിചിതന്മാർക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകരുതെന്ന് പൊലീസ് പലവട്ടം മുന്നറിയിപ്പ് നൽകിയിരുന്നു.