കേരളപ്പി​റവി​ ദി​നത്തി​ൽ നവാഗതരായി ഒന്നും രണ്ടും ക്ലാസുകാർ

Sunday 31 October 2021 12:34 AM IST
വെട്ടിപ്പുറം ഗവൺമെൻ്റ് എൽ.പി സ്കൂളിൽ കുട്ടികളെ വരവേൽക്കാൻ ക്ലാസൊരുക്കുന്ന പ്രഥമാദ്ധ്യാപിക

പത്തനംതിട്ട : ഒന്നാം ക്ലാസ് മാത്രമല്ല ഇത്തവണ രണ്ടാം ക്ലാസിലെ വിദ്യാർത്ഥികളും സ്കൂളിലെത്തുന്നത് ആദ്യമായാണ്. പ്രീപ്രൈമറികൾക്ക് ക്ലാസുകൾ നാളെ തുടങ്ങില്ല. ജില്ലയിൽ 7364 കുട്ടികൾ ഒന്നാം ക്ലാസിലും 7224 കുട്ടികൾ രണ്ടാം ക്ലാസിലും എത്തും. ഒന്നരവർഷത്തിന് ശേഷം ക്ലാസുകൾ തുറക്കുന്നതിനാൽ രണ്ട് വർഷത്തിലെ കുട്ടികളും ആദ്യമായാണ് സ്കൂളിലെക്കെത്തുന്നത്. മുൻ വർഷങ്ങളേക്കാൾ ഇത്തവണ സർക്കാർ സ്കൂളുകളിൽ വിദ്യാർ‌ത്ഥികൾ കൂടുതലുമുണ്ട്. ഓൺലൈൻ ക്ലാസുകളും ഫീസ് വർദ്ധനയും കൊവിഡ് സാഹചര്യവുമെല്ലാം കാരണം നിരവധി കുട്ടി​കൾ ഇത്തവണ സർക്കാർ സ്കൂളിലെത്തി​യി​ട്ടുണ്ട്. സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളിലും കെട്ടിടങ്ങളിലും വന്ന മാറ്റവും കൂടുതൽ പേരെ ആകർഷി​ച്ചതായി​ അദ്ധ്യാപകർ പറയുന്നു.

രക്ഷിതാക്കളുടെ സമ്മതപത്രം ലഭിച്ചിട്ടുള്ള കുട്ടികളെ മാത്രമാണ് സ്കൂളിൽ പ്രവേശിപ്പിക്കുക. ഒന്നുമുതൽ ഏഴ് വരെയുള്ളതും പത്താം ക്ലാസി​ലെയും വി​ദ്യാർത്ഥി​കളാണ് ആദ്യഘട്ടം സ്കൂളിലെത്തുക. സ്കൂളിൽ വരാത്ത കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകളും നൽകും. 140 ദുരിതാശ്വാസ ക്യാമ്പുകളാണ് സ്കൂളിൽ പ്രവർത്തിച്ചിരുന്നത്. ഇതിൽ കോന്നിയിലെ ഒരു ക്യാമ്പൊഴികെ ബാക്കിയെല്ലാം പി​രി​ച്ചുവി​ട്ടു. സ്കൂളുകളെല്ലാം സാനിറ്റൈസിംഗ് ചെയ്ത് വൃത്തിയാക്കി. കോന്നിയിലെ സ്കൂൾ ഇന്ന് ഒഴിവായില്ലെങ്കിൽ പകരം ക്രമീകരണം ചെയ്യാനാണ് തീരുമാനം. കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് മാത്രമേ വിദ്യാർത്ഥികളെ സ്കൂളിൽ പ്രവേശിപ്പിക്കു. ജില്ലാ മെഡിക്കൽ വിഭാഗത്തിന്റെ പോസ്റ്ററുകൾ എല്ലാ സ്കൂളിനും നൽകിയിട്ടുണ്ട്. കളക്ടർ തെർമൽ സ്കാനറും എൻ.ജി.ഒ , മറ്റ് സന്നദ്ധ സംഘടനകൾ എന്നിവർ വിദ്യാർത്ഥികൾക്കാവശ്യമായ സാനിറ്റൈസറും മാസ്കും നൽകിയിട്ടുണ്ട്.

ജില്ലയിൽ പ്രവേശനം നേടി​യ വി​ദ്യാർത്ഥി​കൾ

ഒന്നാം ക്ലാസിൽ : 7364

രണ്ടാം ക്ളാസി​ൽ : 7224

"എല്ലാ രീതിയിലും വിദ്യാർത്ഥികൾക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും സ്കൂൾ പ്രവർത്തനം. പി.ടി.എ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മുനിസിപ്പാലിറ്റികളിലും എഡ്യുക്കേഷൻ കമ്മിറ്റികൾ എന്നിവ കൂടി തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. "

ബീനാ റാണി, (ഡി.ഡി.ഇ)

" പൂർവ വിദ്യാർത്ഥികളാണ് എൽ.പി ക്ലാസിൽ ചുവർച്ചി​ത്രങ്ങളൊരുക്കി​യത്. ചെടികളും പൂക്കളുമെല്ലാം നട്ടു വളർത്തിയിട്ടുണ്ട്. മുൻ വർഷങ്ങളേക്കാൾ വിദ്യാർത്ഥികളും ഇത്തവണ സ്കൂളിലുണ്ട്. "

സി.കെ ബീതാ മോൾ

(ഗവ.യു.പി.എസ്

ഏറതുമ്പമൺ ഹെഡ്മി​സ്ട്രസ്)