ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഗുരുവായൂർ മുഖ്യതന്ത്രി
ഗുരുവായൂർ: ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഗുരുവായൂർ ക്ഷേത്രം മുഖ്യതന്ത്രി. അന്തരിച്ച മുഖ്യതന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടിന്റെ പുല ചടങ്ങുകൾക്ക് ശേഷമാകും ഇദ്ദേഹം ക്ഷേത്രത്തിൽ താന്ത്രിക ചടങ്ങുകളിൽ പങ്കെടുക്കുക. പുഴക്കര ചേന്നാസ് ഇല്ലത്തെ മുതിർന്ന കാരണവർക്കാണ് ഗുരുവായൂർ ക്ഷേത്രത്തിലെ തന്ത്രിയാകാൻ അവകാശം. ഗുരുവായൂർ ദേവസ്വം മാനേജിംഗ് കമ്മിറ്റിയിലും പാരമ്പര്യ അംഗമായി തുടരാം.
ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിനെ ദേവസ്വം ഭരണസമിതിയിലെ സ്ഥിരാംഗമായി നിയമിക്കുന്നതിന് സർക്കാരിലേയ്ക്ക് ശുപാർശ ചെയ്യാൻ ഇന്നലെ ചേർന്ന ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. ഗുരുവായൂരിനും കീഴേടം ക്ഷേത്രങ്ങൾക്കും പുറമെ മമ്മിയൂർ ക്ഷേത്ര മുൾപ്പെടെയുള്ള നിരവധി ക്ഷേത്രങ്ങളിലും ഇനി ഇദ്ദേഹമാകും മുഖ്യതന്ത്രി.
കേരളത്തിനകത്തും പുറത്തുമായി നിരവധി ക്ഷേത്രങ്ങളിൽ തന്ത്രി സ്ഥാനം വഹിക്കുന്നുണ്ട്.
ശ്രീദേവി അന്തർജനമാണ് ഭാര്യ. പൂജാവൃത്തികളിൽ വ്യാപൃതനായ കൃഷ്ണൻ നമ്പൂതിരി, എഴുത്തുകാരിയായ ഉമ അന്തർജനം എന്നിവർ മക്കളാണ്.