കെ. സുരേന്ദ്രൻ കർദ്ദിനാൾ മാർ ക്ലിമീസിനെ സന്ദർശിച്ചു

Saturday 30 October 2021 11:19 PM IST

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി മാർപ്പാപ്പയുമായി നടത്തുന്ന കൂടിക്കാഴ്ചയുടെ സന്തോഷം പങ്കുവെയ്ക്കാൻ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ കർദ്ദിനാൾ മാർ ക്ലിമീസിനെ സന്ദർശിച്ചു.

പട്ടം ബിഷപ്പ് ഹൗസിലെത്തിയാണ് കർദ്ദിനാളിനെ കണ്ടത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഭരണാധികാരിയും ലോക സംസ്കാരങ്ങളിൽ ഏറ്റവും പ്രാചീനമായ ഭാരതസംസ്കാരത്തിന്റെ പ്രതിനിധിയുമായ നരേന്ദ്രമോദി ക്രൈസ്തവസമൂഹത്തിന്റെ നേതൃസ്ഥാനത്തിരിക്കുന്ന മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നത് ആഹ്ലാദകരമാണെന്ന് കർദ്ദിനാൾ മാർ ക്ലീമിസ് പറഞ്ഞു.

ധർമ്മസംസ്ഥാപനത്തിനായി ലോകത്തിന് നേതൃത്വം നൽകുന്ന രാഷ്ട്രത്തിന്റെ ഭരണാധികാരി ലോകസമാധാനത്തിനായി പ്രവർത്തിക്കുന്ന മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നത് ലോകരാഷ്ട്രങ്ങൾക്കും നമ്മുടെ രാജ്യത്തിനും ഗുണകരമാണ്. ഇന്ത്യയിലെ ക്രൈസ്തവസമൂഹത്തിനും വിശിഷ്യ കേരളത്തിലെ ക്രൈസ്തവർക്കും പൊതുസമൂഹത്തിനും ഈ സന്ദർശനത്തിൽ ഏറെ പ്രതീക്ഷയാണുള്ളത്. നല്ല മനസുള്ള എല്ലാവർക്കും നല്ല ചിന്തകൾ നൽകുന്ന കൂടിക്കാഴ്ചയാണിതെന്നും ക്ലീമീസ് പറഞ്ഞു.