നാളെ സ്കൂൾ ഉണരും, ഒന്നര വർഷ ശേഷം, കുട്ടനാട്ടിലെ 50 സ്കൂളുകൾ ഒഴിവാക്കി

Sunday 31 October 2021 12:25 AM IST

തിരുവനന്തപുരം: കൊവിഡ് കൊണ്ടുവന്ന ഒന്നര വർഷ ഇടവേളയ്ക്കു ശേഷം സ്കൂളുകൾ നാളെ തുറക്കും. പ്രവേശനോത്സവത്തോടെ ഒന്നു മുതൽ ‌ഏഴുവരെയും പത്തും പന്ത്രണ്ടും ക്ളാസുകളുമാണ് തുടങ്ങുന്നത്. എട്ട്, ഒൻപത് ക്ളാസുകൾ നവംബർ 15ന് തുടങ്ങും. പ്ളസ് വണ്ണിന്റെ പ്രവേശന നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് ക്ളാസ് ആരംഭിക്കും. കുട്ടനാട് താലൂക്കിലെ 50 സ്കൂളുകൾ വെള്ളപ്പൊക്കം കാരണം നാളെ തുറക്കില്ല. തിയതി പിന്നീട് തീരുമാനിക്കും.

കുട്ടികളെ എതിരേൽക്കാൻ സ്കൂളുകൾ ശുചീകരിച്ച്, വർണങ്ങൾ ചാർത്തി ഒരുക്കിയിട്ടുണ്ട്. ആദ്യത്തെ ഒരാഴ്ച രാവിലെ 10 മുതൽ 12 വരെയാണ് ക്ളാസ്. ഓരോ ഡിവിഷനും രണ്ടായി തിരിച്ച് മൂന്ന് ദിവസം വീതം പഠനം. യൂണിഫോം വേണ്ട. അസംബ്ളിയില്ല, ഹാജർ നിർബന്ധവുമല്ല. കുട്ടികളുടെ ഉൗഷ്മാവ് തെർമൽ സ്കാനർ വച്ച് പരിശോധിച്ചാണ് സ്കൂളിലേക്ക് കടത്തിവിടുക. രക്ഷിതാക്കൾക്ക് സ്കൂൾ ഗേറ്റ് വരെ മാത്രം പ്രവേശനം.

രണ്ട് ഡോസ് വാക്സിനെടുത്ത അദ്ധ്യാപകരാണ് പഠിപ്പിക്കാനെത്തുന്നത്. അതേസമയം, രണ്ടു ഡോസ് വാക്സിനെടുക്കാത്ത 2282 അദ്ധ്യാപകരും 327 അനദ്ധ്യാപകരുമുണ്ട്. അവർ സ്കൂളിൽ വരേണ്ട. അസുഖമോ ലക്ഷണമോ ഉള്ള കുട്ടികളും സ്കൂളിൽ വരേണ്ട. വീട്ടിലിരുന്ന് ഓൺലൈൻ വഴി പഠനം തുടരാം.

കുട്ടികളോട് അദ്ധ്യാപകർ സ്നേഹത്തോടെ പെരുമാറി പുതിയൊരു അന്തരീക്ഷം ഉണ്ടാക്കണമെന്നാണ് നിർദ്ദേശം. ആദ്യത്തെ ഒരാഴ്ച തമാശകളും ചിരിയുമായി കുട്ടികളുടെ മാനസികാവസ്ഥ മാറ്റിയെടുക്കുന്ന രീതിയിലാണ് ക്ളാസുകൾ. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ കുട്ടികൾ അദ്ധ്യാപകരെ അറിയിക്കണം. ഉടൻ ഡോക്ടറെ വരുത്തി പരിശോധിപ്പിക്കും.

സ്കൂൾ തുറക്കുമ്പോൾ

ശുചീകരിക്കാത്ത 204 സ്കൂളുകൾ

സാമൂഹിക പങ്കാളിത്തത്തോടെ ഒട്ടുമിക്ക സ്കൂളുകളും ശുചീകരിച്ചിട്ടുണ്ടെങ്കിലും പരിസരശുചീകരണവും അണുനശീകരണവും നടത്താത്ത 204 സ്‌കൂളുകളുണ്ട്. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കിട്ടാത്ത 446, സ്കൂൾ ബസ് നന്നാക്കാത്ത 1,474 സ്കൂളുകളുമുണ്ട്. ആകെ സീറ്റിന്റെ പകുതി കുട്ടികൾ മാത്രമെന്ന നിബന്ധനയുള്ളതിനാൽ ബസ് ഓടിക്കില്ലെന്ന തീരുമാനത്തിലാണ് മിക്ക സ്വകാര്യ സ്കൂളികളും.

ഉച്ചഭക്ഷണം

അതത് പി.ടി.എ കമ്മിറ്റികൾക്ക് തീരുമാനിച്ച് ഉച്ചഭക്ഷണം നൽകാം. എത്ര കുട്ടികൾക്ക് ഉച്ചഭക്ഷണം വേണമെന്ന് വിലയിരുത്തിയാണ് നൽകുക. തിങ്കളാഴ്ച എടുക്കുന്ന കണക്കനുസരിച്ച് തുടർ ദിവസങ്ങളിൽ നൽകും.

15,452 ആകെ സ്‌കൂളുകൾ

47 ലക്ഷം മൊത്തം കുട്ടികൾ

''സ്കൂളുകളെല്ലാം പ്രവേശനോത്സവത്തിന് തയ്യാറെടുത്തു കഴിഞ്ഞു"

- വി.ശിവൻകുട്ടി,

പൊതു വിദ്യാഭ്യാസ മന്ത്രി

Advertisement
Advertisement