'മരക്കാറി'​ന്റെ പേരി​ൽ സി​നി​മാരംഗത്ത് സ്റ്റണ്ട്

Saturday 30 October 2021 11:28 PM IST

കൊച്ചി: മോഹൻലാൽ ചിത്രമായ ‘മരയ്‌ക്കാർ അറബിക്കടലിന്റെ സിംഹം’ റി​ലീസി​നെ ചൊല്ലി​ മലയാള സി​നി​മാരംഗം കലുഷമായി​. റിലീസിന്‌ നിർമ്മാതാവ്‌ ആന്റണി​ പെരുമ്പാവൂർ ഉന്നയിച്ച മിനിമം ഗ്യാരന്റി ആവശ്യം തിയേറ്റർ ഉടമകളുടെ സംഘടന (ഫി​യോക്) തള്ളി. പി​ന്നാലെ ഫി​യോക്കി​ന്റെ വൈസ് ചെയർമാൻ സ്ഥാനം ആന്റണി​ പെരുമ്പാവൂർ രാജി​വച്ചു.

അതേസമയം, ഒ.ടി.ടി റിലീസ്‌ ഉപേക്ഷിച്ച്‌ ചിത്രം തിയേറ്ററിൽ റിലീസ്‌ ചെയ്യാൻ പരമാവധി തുക അഡ്വാൻസ്‌ നൽകാമെന്ന് ഫിയോക്കിന്റെ എക്‌സിക്യൂട്ടീവ്‌ യോഗം തീരുമാനിച്ചി​ട്ടുണ്ട്.

ഒ.ടി.ടി റിലീസ്‌ തീരുമാനിച്ച ചിത്രം തിയേറ്ററിൽ റിലീസ്‌ ചെയ്യാൻ ഉടമകൾ 25 ലക്ഷം രൂപവീതം അഡ്വാൻസ് നൽകണമെന്നും കുറഞ്ഞത്‌ ഇരുനൂറോളം സ്‌ക്രീനുകളിൽ മൂന്നാഴ്‌ചയെങ്കിലും പ്രദർശിപ്പിക്കണമെന്നും ആന്റണി ആവശ്യം ഉന്നയി​ച്ചി​രുന്നു. മിനിമം ഗ്യാരന്റി ആവശ്യം ഫി​യോക് അംഗീകരിച്ചി​ല്ല. മരയ്‌ക്കാർ റിലീസിന്‌ തിയേറ്റർ ഉടമകൾ നൽകി​യ അഞ്ചുകോടി രൂപ തിരിച്ചുനൽകിയ ശേഷമാണ് ആന്റണി പെരുമ്പാവൂരിന്റെ രാജി. പ്രശ്‌നം ആന്റണിയുമായി ചർച്ച ചെയ്യാൻ കേരള ഫിലിം ചേംബർ പ്രസിഡന്റ്‌ ജി. സുരേഷ്‌കുമാറിനെ ചുമതലപ്പെടുത്തി.

രാജിക്കത്ത്‌ തങ്ങൾക്ക്‌ ലഭിച്ചിട്ടില്ലെന്ന്‌ ഫിയോക്‌ പ്രസിഡന്റ്‌ കെ. വിജയകുമാർ, ജനറൽ സെക്രട്ടറി സുമേഷ്‌ ജോസഫ്‌ എന്നിവർ പറഞ്ഞു.

• രാജി നൽകിയത് ദിലീപിന്
ഫിയോക്കിന്റെ ചെയർമാൻ ദിലീപിനാണ്‌ വൈസ്‌ ചെയർമാനായ ആന്റണി പെരുമ്പാവൂർ രാജിക്കത്ത്‌ നൽകിയത്‌. മരയ്‌ക്കാർ സിനിമയുടെ റിലീസ്‌ വിവാദം ചർച്ച ചെയ്യാൻ ഫിയോക്‌ എക്‌സിക്യൂട്ടീവ്‌ യോഗം കൊച്ചിയിൽ ചേരുന്നതിനുമുമ്പായിരുന്നു രാജി. ആന്റണി യോഗത്തിന്‌ എത്തിയില്ല.

ഒ.ടി.ടി റിലീസിന് ആമസോൺ പ്രൈമുമായി ചർച്ച നടത്തിയ കാര്യം വെളിപ്പെടുത്തിയതിനെ തുടർന്ന് നടന്ന ഫിലിം ചേംബർ യോഗത്തിൽ ആന്റണി പെരുമ്പാവൂർ ചില ഉപാധികൾ മുന്നോട്ടുവച്ചത് വിവാദം രൂക്ഷമാക്കിയിരുന്നു. മരയ്‌ക്കാർ ഒ.ടി.ടി റിലീസ് പ്രശ്‌നത്തിൽ ആരും ചർച്ച നടത്തിയിട്ടില്ലെന്നും ചർച്ച നടന്നത് മോഹൻലാലുമായാണെന്നും ആന്റണി രാജിക്കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

Advertisement
Advertisement