തളർന്ന കൈ താങ്ങിച്ചുഴറ്റി വിധിയെ നേരിട്ട് മേയ്‌മോൾ

Sunday 31 October 2021 12:30 AM IST

കൊച്ചി: ചികിത്സാപിഴവ് മൂലം ചലനശേഷി നഷ്ടപ്പെട്ട വലതുകൈ ഇടുപ്പിൽ താങ്ങി,ആഴമുള്ള കിണറിന്റെ വക്കിലും കെട്ടിടത്തിന്റെ പാരപ്പെറ്റിലും കയറിനിന്ന് റോപ്പ് സ്കിപ്പിംഗ് നടത്തി അമ്പരപ്പിക്കുകയാണ് എറണാകുളം കോട്ടപ്പടിയിലെ മേയ് മോൾ.

ഒന്നര മണിക്കൂറിൽ നി‌റുത്താതെ 5,000 തവണവരെ സ്കിപ്പിംഗ് ചെയ്യും. വീട്ടുമുറ്റത്ത് ഒരുതവണപോലും ചെയ്യാൻ കഴിയാതെ പല തവണ വീണുപോയിട്ടും പിൻമാറാതെ നേടിയതാണ് ഈ സാഹസികകരുത്ത്.

ഇരുപത്തഞ്ചാം വയസിൽ 2018 പൂനെ ഡെക്കാൻ കോളേജിൽ എം.എയ്ക്ക് പഠിക്കെയാണ് കഴുത്തിൽ ചെറി​യ മുഴയുണ്ടായത്. ആലുവയിലെ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായി. മുറിവുണങ്ങിയെങ്കിലും ചികിത്സാ പിഴവ് വലതുകൈയുടെ സ്വാധീനം ഇല്ലാതാക്കി. വെല്ലൂ‌ർ മെഡിക്കൽ കോളേജിലെ പരിശോധനയിലാണ് എസ്.എൽ.ഇ (സിസ്റ്റമിക് ലൂപ്പസ് എറിത്‌മറ്റോസസ്) രോഗത്തിന്റെ ചെറിയ വകഭേദമായ 'കികുച്ചി'യാണെന്ന് തിരിച്ചറിയുന്നത്.

രോഗം ഭേദമായെങ്കിലും വലതുകൈയുടെ സ്വാധീനക്കുറവ് മാറിയില്ല.

പുരാവസ്തു പഠനത്തിൽ ഉൾപ്പെടെ രണ്ട് എം.എ പൂർത്തിയാക്കിയ കോട്ടപ്പടി പൈനാടത്ത് വീട്ടിൽ മേയ്മോൾ പി.ഡേവിസിന് തന്റെ കൈ കാഴ്ചവസ്തുവായി വയ്ക്കാൻ മനസുണ്ടായിരുന്നില്ല.

2019 ൽ ഹൃദയാഘാതം വന്ന പിതാവ് ഡേവിസ് മരിക്കുംമുമ്പ് കുഴഞ്ഞുവീണപ്പോൾ താങ്ങിപ്പിടിക്കാൻ പോലും കഴിയാതിരുന്നത് മനസ്സിനെ വേട്ടയാടി. ഇതിനിടെയാണ് സുഹൃത്ത് സ്കിപ്പിംഗ് റോപ്പ് തന്നത്. ഒരു തവണയെങ്കിലും ചെയ്തുകൂടേ എന്നായിരുന്നു ചോദ്യം.

ഓരോ പരിശ്രമത്തിലും ഒരു മുടിനാരിഴയെങ്കിലും മുന്നോട്ടായിരുന്നു. ഒടുവിൽ വിജയം കണ്ടു.ജീവിതത്തോട് തോന്നിയിരുന്ന നിസംഗത മാറി. അതിന്റെ സന്തോഷത്തിലാണ് സോഷ്യൽ മീഡിയയിൽ റോപ് സ്കിപ്പിംഗ് പോസ്റ്റ് ചെയ്തത്. ലഭിച്ചത് പരിഹസിക്കുന്ന പ്രതികരണങ്ങൾ. കിണർ വക്കിൽ ചെയ്യാമോ, പാരപ്പെറ്റിൽ ചെയ്യാമോ എന്നൊക്കെ കളിയാക്കി. വെല്ലുവിളിച്ചവരെ അമ്പരപ്പിച്ചുകൊണ്ട് മേയ്മോൾ ആ ലക്ഷ്യവും കണ്ടു.കൂടുതൽ പരീക്ഷണത്തിന് ഒരുങ്ങുകയാണ് .അതെന്താണെന്ന് വെളിപ്പെടുത്തിയിട്ടില്ല. മാതാവ് മോളിയുടെ പിന്തുണയുണ്ട്. അവിവാഹിതയാണ്.

`മനസുവച്ചാൽ ഏത് പ്രതിസന്ധികളെയും തരണം ചെയ്യാം. കുറവുകളിൽ തോറ്റുപോകാതെ തലയുയ‌ർത്തി നിൽക്കാൻ സ്കിപ്പിംഗ് സാഹായിച്ചു.'

-മേയ്മോൾ

സ്‌കിപ്പിംഗ്

പ്ളാസ്റ്റിക് വള്ളി ചുഴറ്റി ചാടുന്ന വ്യായാമമാണ് സ്‌കിപ്പിംഗ്. സിംഗിൾ ഫ്രീസ്റ്റൈൽ, സിംഗിൾ സ്പീഡ്, പെയർ, ത്രീ പേഴ്‌സൺ സ്പീഡ് എന്നിങ്ങനെ വിവിധ തരത്തിൽ ചെയ്യാം. പലരാജ്യങ്ങളിലും മത്സരങ്ങൾ നടത്തുന്നുണ്ട്.