കുന്ദമംഗലത്തെ കുരുക്കഴിക്കാൻ വരുന്നു, ട്രാഫിക് യൂണിറ്റ്

Sunday 31 October 2021 12:02 AM IST
കുന്ദമംഗലത്തെ ഗതാഗതക്കുരുക്ക്

കുന്ദമംഗലം: കുന്ദമംഗലം ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ട്രാഫിക് യൂണിറ്റ് സ്ഥാപിക്കുന്നു. അധികൃതർ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും അങ്ങാടിയിലെ കുരുക്കഴിക്കാൻ കഴിയാതെ വന്നതോടെയാണ് ശാശ്വത പരിഹാരമായി ട്രാഫിക് യൂണിറ്റ് സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

വർഷങ്ങൾക്ക് മുമ്പ് ജില്ലാ പൊലീസ് മേധാവികളുടെ നിർദ്ദേശപ്രകാരം ദേശീയപാതയിൽ താത്ക്കാലിക ഡിവൈഡറുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ വാഹനമിടിച്ച് തക‌ർന്ന ഡിവൈഡറുകൾ വാഹന ഉടമകളെകൊണ്ട് പുനസ്ഥാപിക്കാൻ അധികൃതർ മെനക്കെട്ടില്ല. ക്രമേണ ഡിവൈഡറുകൾ ഓരോന്നായി അപ്രത്യക്ഷമായി. പിന്നീട് എൻ.ഐ.ടിയിലെ വിദഗ്ദ്ധരെത്തി ട്രാഫിക് പരിഷ്കാരങ്ങൾ പലത് നടത്തിയെങ്കിലും അങ്ങാടിയിൽ ഫലമുണ്ടായില്ല. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി ഫൈബർ ഡിവൈഡറുകൾ സ്ഥാപിച്ചെങ്കിലും അതും വാഹനമിടിച്ച് തകർത്തു. വയനാട് -മുക്കം ഭാഗത്തേക്ക് പോകുന്ന ബസുകൾ സ്റ്റാന്റിൽ കയറ്റാതെ ദേശീയപാതയിൽ നിർത്താൻ അനുവാദിച്ചതോടെ ഗതാഗതക്കുരുക്കിന് ശമനമുണ്ടായെങ്കിലും വലിയ വാടകനൽകി ബസ്‌സ്റ്റാന്റിൽ കച്ചവടം ചെയ്യുന്ന വ്യാപാരികൾ എതിർപ്പുമായി വന്നപ്പോൾ ബസുകൾ സ്റ്റാന്റിൽ കയറ്റേണ്ടിവന്നു. പിന്നീട് ബദൽ റോഡിനെക്കുറിച്ചായി ചർച്ചകൾ. കാരന്തൂരിൽ നിന്നാരംഭിച്ച് പൂനൂർ പുഴയോരത്തുകൂടെ വയനാട് റോഡിലെ പന്തീർപാടത്ത് സമാപിക്കുന്ന റോഡ് ഒടുവിൽ ചർച്ചയിൽ ഒതുങ്ങി. ദേശീയപാത 766 വികസനത്തിന് എൻ.എച്ച്.എ.ഐ തയ്യാറാക്കിയ അലൈൻമെന്റിലും കുന്ദമംഗലം ബൈപാസ് ഉൾപ്പെടാതെ പോയി. മുക്കം റോഡിലെ ചാത്തങ്കാവിൽ നിന്ന് പെരിങ്ങൊളം വഴി മെഡിക്കൽകോളേജ് റോഡിലേക്ക് പ്രവേശിക്കുന്ന ബദൽ റോഡാണ് ഇനി ഏക ആശ്രയം. ഈ റോഡിന്റെ നവീകരണ പ്രവൃത്തിയാകട്ടെ ഇഴഞ്ഞ് നീങ്ങുകയാണ്. പാർക്കിംഗ് സൗകര്യമില്ലാത്തതാണ് കുന്ദമംഗലത്തെ ഗതാഗതക്കുരുക്കിന് പ്രധാന കാരണം. അങ്ങാടിയിലെ ചില വലിയ കെട്ടിടങ്ങളുടെ പാർക്കിംഗ് സ്ഥലം പുനസ്ഥാപിച്ചാൽ ഒരു പരിധിവരെ പരിഹാരം കാണാൻ കഴിയും. കുന്ദമംഗലം അങ്ങാടിയിലേക്ക് പ്രവേശിക്കുന്ന പൂതക്കണ്ടി റോഡ് വീതി കൂട്ടുകയും പെരിങ്ങൊളം റോഡിലേക്ക് കയറുന്നിടത്ത് തടസമായിനിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുകയും ചെയ്താൽ ഗതാഗതക്കുരുക്കഴിക്കാം. ഏതായാലും ട്രാഫിക് യൂണിറ്റ് സ്ഥാപിക്കുന്നതോടെ അങ്ങാടിയിൽ കൂടുതൽ ട്രാഫിക് പൊലീസുകാരുടെ സേവനം ലഭ്യമാകും. മാത്രമല്ല കുന്ദമംഗലം പഞ്ചായത്തിൽ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ജില്ലാ മജിസ്ട്രേറ്റ്, റീജണൽ ട്രാൻസ്പോർട് ഓഫീസർ, സിറ്റി പൊലീസ് കമ്മിഷണർ, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനിയർ എന്നിവരുടെ പ്രതിനിധികൾ കമ്മിറ്റിയിൽ ഉണ്ടാവും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സമിതി ചെയർമാനാവും. ട്രാഫിക് പ്രശ്നങ്ങൾ പഠിക്കാൻ നാറ്റ്പാക്ക് ടീമും കുന്ദമംഗലം സന്ദർശിക്കുന്നുണ്ട്.

Advertisement
Advertisement