ആതുര സേവനത്തിനൊരുങ്ങി 'മാലാഖക്കൂട്ടം'

Sunday 31 October 2021 1:16 AM IST

കൊല്ലം: ജില്ലയിലെ സർക്കാർ ആശുപത്രികളിലുള്ള രോഗികളുടെ ശുശ്രൂഷയ്ക്കായി 'മാലാഖക്കൂട്ടം' തയ്യാർ. നവംബർ പകുതിയോടെ ഇവർ ജോലിയിൽ പ്രവേശിക്കും.

പട്ടികജാതി വിഭാഗത്തിൽ ജനറൽ, ബിഎസ്‌സി നഴ്സിംഗ് വിജയിച്ച വനിതകളിൽ നിന്ന് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ടവരുടെ നഴ്സുമാരുടെ സംഘമാണ് മാലാഖക്കൂട്ടം. ജില്ല, താലൂക്ക് ആശുപത്രികളിലാണ് ഇവരെ നിയമിക്കുക. അപേക്ഷയുടെ അടിസ്ഥാനത്തിൽ അഭിമുഖം നടത്തി 75 പേരെയാണ് തിരഞ്ഞെടുത്തത്. ജില്ലാ പഞ്ചായത്ത് 60 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ട് വർഷമാണ് അപ്രന്റീസ്ഷിപ്പ് കാലാവധി. തുടർന്ന്‌ ലഭിക്കുന്ന എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്‌ സംസ്ഥാനത്തിന് പുറത്തോ വിദേശത്തോ മറ്റ് സ്വകാര്യ ആശു പത്രികളിലോ ജോലി നേടാൻ ഉപകരിക്കും. ജനറൽ നഴ്സിംഗ് കഴിഞ്ഞവർക്ക് 10,000 രൂപയും ബിഎസ് സി നഴ്സുമാർക്ക് 12,500 രൂപയും പ്രതിമാസ ഓണറേറിയം ലഭിക്കും.

സർക്കാർ ആശുപത്രികളിൽ എത്തുന്ന രോഗികൾക്ക് മികച്ച ശുശ്രൂഷ ലഭ്യമാക്കുകയാണ് ലക്ഷ്യം. പട്ടികജാതി വിഭാഗത്തിൽപ്പെട്ട നഴ്സുമാർക്ക് തൊഴിലവസരം ഒരുക്കുകയെന്നതും പദ്ധതിയുടെ ലക്ഷ്യമിടുന്നു

സാം കെ. ഡാനിയേൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്