വയോജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ 'ഹെൽപ്പ് ലൈൻ' പദ്ധതിയുമായി സാമൂഹ്യ നീതി വകുപ്പ്

Monday 01 November 2021 12:06 AM IST

വിളിക്കാം ടോൾ ഫ്രീ നമ്പർ: 14567

പാലക്കാട്: വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പാക്കാൻ ഹെൽപ്പ് ലൈൻ പദ്ധതിയുമായി സാമൂഹിക നീതി വകുപ്പ്. ഹെൽപ്പ് ലൈൻ നമ്പറിലൂടെ ലഭിക്കുന്ന പരാതികളിൽ ഫോൺ മുഖേനയും നേരിട്ടും സേവനം ചെയ്യുകയാണ് പദ്ധതി ലക്ഷ്യം.

സംസ്ഥാനത്താകെ പ്രവർത്തനം ആരംഭിച്ചെങ്കിലും ഔദ്യോഗിക ഉദ്ഘാടനം ഇന്ന് മന്ത്രി ആർ. ബിന്ദു നിർവഹിക്കും. കേന്ദ്രസർക്കാരിന്റെ ധനസഹായത്തോടെയാണ് പദ്ധതി പ്രവർത്തിക്കുന്നത്.

അറുപത് വയസിന് മുകളിൽ ഉള്ളവർ നേരിടുന്ന പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ് അപ്പോൾ തന്നെ പരിഹാരം കാണാൻ സാധിക്കുന്ന വിധത്തിലാണ് സെൽ പ്രവർത്തിക്കുന്നത്. ആരോഗ്യം, മാനസികാരോഗ്യം, നിയമപരമായ പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾക്ക് പരിഹാരം ഇതിലൂടെ ലഭിക്കും.

നേരിട്ട് ചെന്ന് പരിഹാരം കാണേണ്ട പരാതികളിൽ ജില്ലാതലത്തിൽ നിയമിക്കപ്പെടുന്ന പ്രൊജക്ട് കോ - ഓർഡിനേറ്റർ, പൊലീസ്, സാമൂഹികക്ഷേമ സുരക്ഷാ ഉദ്യോഗസ്ഥർ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരുടെ സഹായത്തോടെ സ്ഥലത്ത് ചെന്ന് അന്വേഷണം നടത്തി പരിഹാര മാർഗ്ഗങ്ങളും നിർദ്ദേശിക്കും.

നിലവിൽ രണ്ട് ജില്ലകൾക്ക് ഒരു കോ- ഓർഡിനേറ്റർ എന്ന നിലയിലാണ് പ്രവർത്തനം. ഉടൻ മുഴുവൻ ജില്ലകളിലും കോ- ഓർഡിനേറ്റർമാരെ നിയമിക്കും. കൂടാതെ സംസ്ഥാനത്ത് വയോജന ക്ഷേമവുമായി ബന്ധപ്പെട്ട് മെയിന്റനൻസ് ആൻഡ് ട്രിബ്യൂണൽ ഓരോ ജില്ലയിലും തഹസിൽദാർമാർ ചെയർമാനായി പ്രവർത്തിക്കുന്നുണ്ട്. നിരവധി പരാതികളാണ് ഇവിടെ ലഭിക്കുന്നത്. പരാതികളുടെ അടിസ്ഥാനത്തിൽ ടെക്നിക്കൽ അസിസ്റ്റന്റുമാർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ച് സമയബന്ധിതമായി പരാതികൾ തീർപ്പാക്കും.

  • ലഭ്യമാക്കുന്ന സേവനങ്ങൾ

1.മുതിർന്ന പൗരൻമാർക്ക് വേണ്ടി വിവിധ വകുപ്പുകൾ മുഖേന സർക്കാർ നടപ്പിലാക്കുന്ന സേവനങ്ങൾ സംബന്ധിച്ച വിവരങ്ങൾ നൽകുക.

2.മുതിർന്ന പൗരൻമാരുടെ അവകാശ സംരക്ഷണം.

3.അവർക്കെതിരെയുള്ള അതിക്രമം തടയുക.

4.ഉപേക്ഷിക്കപ്പെട്ടവരും ആശ്രയമില്ലാത്തവരുമായ വയോജനങ്ങൾക്ക് സംരക്ഷണം ഉറപ്പ് വരുത്തുക.

5.മാനസിക പിന്തുണ നൽകുക.

6.വിവിധതരം ചൂഷണം നേരിടുന്നവർക്കാവശ്യമായ പിന്തുണ.

7.അഗതികളായ വയോജനങ്ങളുടെ പുനരധിവാസം.

8.മാതാപിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമം 2007 മായി ബന്ധപ്പെട്ട സഹായങ്ങൾ

ജില്ലയിൽ പാലക്കാട്, ഒറ്റപ്പാലം എന്നിവിടങ്ങളിലായി രണ്ട് ടെക്നിക്കൽ അസിസ്റ്റന്റുമാരാണ് പ്രവർത്തിക്കുന്നത്. പ്രവർത്തനം നല്ല രീതിയിലാണ് പുരോഗമിക്കുന്നത്. ഒരുമാസം ശരാശരി 50 കേസുകൾ ലഭിക്കാറുണ്ട്. പരാതികൾക്ക് വിളിക്കാനുള്ള പ്രവർത്തന സമയം രാവിലെ എട്ടു മുതൽ രാത്രി എട്ട് വരെയാണ്.

- യു.പ്രകാശ്, ജില്ലാ സാമൂഹിക നീതി ഓഫീസർ, പാലക്കാട്