അടച്ചുപൂട്ടേണ്ട; മുക്കൂട് ജി.എൽ.പി.എസ് ഹൈടെക്കാണ്

Monday 01 November 2021 12:15 AM IST
മുക്കൂട് ജി.എൽ.പി.എസ് പരിസരം മനോഹരമാക്കുന്നു

കാഞ്ഞങ്ങാട്: അനാദായകരമെന്ന് കണ്ട് അടച്ചുപൂട്ടാൻ നിർദ്ദേശിക്കപ്പെട്ട സ്ക്കൂളിൽ ഇന്ന് കുട്ടികളെ ചേർക്കാൻ രക്ഷിതാക്കളുടെ നിരന്തര അന്വേഷണം. കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും രണ്ടു കിലോമീറ്റർ അകലെ ചിത്താരി മുക്കൂട് ജി.എൽ.പി സ്കൂളാണ് പുതിയ അദ്ധ്യയന വർഷത്തിൽ ഉയർപ്പിന്റെ കഥ പറയുന്നത്.

നാലു ക്ലാസുമുറികളിലുമായി അറുപതു കുട്ടികൾ മാത്രം ഉണ്ടായിരുന്ന സ്കൂളിൽ ഇപ്പോൾ പ്രീപ്രൈമറിയിലടക്കം 166 കുട്ടികൾ ഉണ്ട്. മൂന്നു വർഷം മുമ്പ് സ്കൂളിൽ ചുമതലയേറ്റ പ്രധാനാദ്ധ്യാപകൻ ചീമേനിയിലെ ഒയോളം നാരായണനാണ് നാട്ടുകാരുടെ പിന്തുണയോടെ സ്കൂളിനെ ഹൈടെക്ക് ആക്കിയത്. മുക്കൂടും പരിസരവും അദ്ധ്യാപകരും രക്ഷിതാക്കളും ചേർന്ന് സർവ്വേ നടത്തിയതിൽ സ്ക്കൂളിൽ ചേർക്കാൻ പ്രായത്തിലുള്ള 500 കുട്ടികളെ കണ്ടെത്തി. ഇവരുടെ രക്ഷിതാക്കളുമായി നിരന്തരം ബന്ധപ്പെട്ടു. അങ്ങനെയാണ് സ്കൂളിൽ പ്രീപ്രൈമറി തുടങ്ങുന്നത്.

പിന്നീട് ഇവരിൽ നിന്ന് ഒന്നാം ക്ലാസിലേക്ക് പ്രവേശനം എളുപ്പമാക്കി. ഇപ്പോൾ ഒന്നാം ക്ലാസിൽ 43 ഉം രണ്ടാം ക്ലാസിൽ 44 ഉം കുട്ടികളുണ്ട്. സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ അജാനൂർ ഗ്രാമ പഞ്ചായത്തും മുന്നിട്ടിറങ്ങി. ഒപ്പം പി.ടി.എയും സ്ക്കൂൾ വികസന സമിതിയും നാട്ടിലെ സന്നദ്ധ സംഘടനകളും പ്രയത്നിച്ചു. ക്ലാസ് മുറികൾ കാർട്ടൂൺ കഥാപാത്രങ്ങളാൽ മനോഹരമാണ്. ഒന്നാം തരം പുൽത്തകിടി വിരിച്ച കോമ്പൗണ്ട്. ചുവരുകളിൽ മനോഹരമായ പെയിന്റിംഗ്. മൂന്നുവർഷം മുമ്പ് നടത്തിയ വാർഷികാഘോഷമാണ് ഇന്നു കാണുന്ന വികസനത്തിനു നാന്ദി കുറിച്ചതെന്ന് ഒയോളം നാരായണൻ പറഞ്ഞു. സാമൂഹ്യ പ്രവർത്തകൻ റിയാസ് അമലടുക്കവും സ്കൂളിന്റെ വികസനത്തിനായി ഏറെ പ്രയത്നിച്ചു.

പൊതു വിദ്യാലയസംരക്ഷണ യജ്ഞമാണ് സ്കൂൾ വികസനത്തിനു ഗതിവേഗം കൂട്ടിയത്. കാസർകോട് പാക്കേജ് പദ്ധതിയിൽ നാലു ക്ലാസ് മുറികൾ കൂടി കിട്ടാൻ ശ്രമിക്കുന്നുണ്ട് -

ഒയോളം നാരായണൻ(ഹെഡ്മാസ്റ്റർ)​