മാർപാപ്പ കേരളം സന്ദർശിച്ചേക്കും

Monday 01 November 2021 12:06 AM IST

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് ഇന്ത്യയിൽ എത്തുന്ന ഫ്രാൻസിസ് മാർപാപ്പ കേരളവും സന്ദർശിച്ചേക്കും.

ഏറെ മുമ്പു തന്നെ കേരളം സന്ദർശിക്കാനുള്ള ക്ഷണം അദ്ദേഹത്തിനു ലഭിച്ചിരുന്നു. ക 2018 മാർച്ച് 15ന് മുഖ്യമന്ത്രിക്കു വേണ്ടി അന്നത്തെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് വത്തിക്കാനിലെത്തി മാർപാപ്പയെ കേരളത്തിലേക്ക് ക്ഷണിച്ചത്.

''കേരളത്തെ പറ്റി ധാരാളം കേട്ടിട്ടുണ്ട്. അവിടേക്ക് വരാൻ ഇഷ്ടമാണ്...''എന്നാണ് അന്ന് മാർപാപ്പ പറഞ്ഞത്. രാജ്യത്തിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ച സ്ഥിതിക്ക് അദ്ദേഹം കേരളത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നെറ്റിപ്പട്ടം കെട്ടി ആലവട്ടവും മുത്തുക്കുടയുമായി നിൽക്കുന്ന ആനയുടെ ശിൽപ്പവും കേരളത്തിന്റെ സുഗന്ധദ്രവ്യങ്ങളുമാണ് കടകംപള്ളി സുരേന്ദ്രൻ മാർപ്പാപ്പയ്ക്ക് സമ്മാനിച്ചത്. സർക്കാരിന്റെ ക്ഷണക്കത്തും നൽകി.

രാജ്യത്തിന്റെ ഭരണാധികാരിയുടെ ക്ഷണം ലഭിക്കുമ്പോൾ കേരളത്തിലും എത്തുമെന്നും മാർപ്പാപ്പ പറ‌ഞ്ഞതായി കടകംപള്ളി ഓർക്കുന്നു. കേരളത്തിൽ മടങ്ങിയെത്തിയ ഉടൻ ഇക്കാര്യങ്ങൾ സൂചിപ്പിച്ച് സർക്കാർ കേന്ദ്രത്തിന് കത്തയച്ചെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ സന്ദർശിക്കുമെന്ന് പ്രധാനമന്ത്രിക്ക് ഫ്രാൻസിസ് മാർപ്പാപ്പ ഉറപ്പു നൽകിയതോടെ അദ്ദേഹം കേരളത്തിലും എത്തണമെന്ന പ്രാ‌ർത്ഥനയാണ് ഇവിടത്തെ ക്രൈസ്തവ സമൂഹത്തിനും.

മുമ്പ് കേരളം സന്ദർശിച്ച മാർപ്പാപ്പ ജോൺപോൾ രണ്ടാമനാണ്. 1986 ഫെബ്രുവരി 7,8 തീയതികളിൽ.

''മാർപാപ്പയ്‌ക്ക് കേരളത്തെ കുറിച്ച് നല്ല ധാരണ ഉണ്ടായിരുന്നതായി കൂടിക്കാഴ്ചയിൽ വ്യക്തമായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹം കേരളത്തിൽ എത്തുമെന്നു തന്നെ പ്രതീക്ഷിക്കുന്നു''

- കടകംപള്ളി സുരേന്ദ്രൻ, എം.എൽ.എ