സ്കൂൾ തുറക്കൽ: ക്രമീകരണങ്ങൾ പൂർണ്ണം -മുഖ്യമന്ത്രി

Monday 01 November 2021 12:00 AM IST

കണ്ണൂർ: വലിയൊരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് വിദ്യാലയങ്ങൾ തുറക്കുന്ന സാഹചര്യത്തിൽ ,എല്ലാ ക്രമീകരണങ്ങളും ഉറപ്പ് വരുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പിണറായി എ.കെ.ജി. മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി ബ്ളോക്ക് ശിലാസ്ഥാപനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം . കുട്ടികൾ വിദ്യാലയങ്ങളിൽ എത്തുമ്പോൾ എല്ലാവരുംർ മുൻകരുതൽ പാലിക്കണം.കൊവിഡ് പശ്ചാത്തലത്തിൽ മാസ്ക് ധരിക്കൽ പ്രധാനമാണ്.കൊവിഡ് വാക്സീൻ പരമാവധി എല്ലാവർക്കും ലഭ്യമാക്കിയ സാഹചര്യത്തിലാണ് സ്കൂൾ തുറക്കാൻ സർക്കാർ തീരുമാനമെടുത്തത് . കുട്ടികൾ വീണ്ടും വിദ്യാലയങ്ങളിലെത്തുന്നതോടെ കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ഉണർവുണ്ടാകും.. കുട്ടികളുമായി ഇടപെടുന്ന സാഹചര്യത്തിൽ മാതാപിതാക്കളെല്ലാവരും വാക്സീൻ സ്വീകരിക്കണം. ഓൺലൈൻ പഠനം വിജയകരമായിരുന്നു. എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ ഉപകരണങ്ങൾ എത്തിക്കാനുള്ള സൗകര്യമൊരുക്കി. എല്ലാവരും ഒരുമിച്ചതോടെ ഡിജിറ്റൽ പഠനം വലിയ വിജയമായി. കൊവിഡിനെയും ഒരു പരിധിയോളം പിടിച്ച് കെട്ടാനായി. ജനങ്ങളുടെ ഐക്യം ഇതിന് മുതൽക്കൂട്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.