ഇന്ദിരയുടെ ഓർമ്മയാണ് ആന്റപ്പന് ഈ ലോബ്സ്റ്റർ

Monday 01 November 2021 12:42 AM IST

കൊച്ചി: കുമ്പളങ്ങി ഫി​ബി സ്റ്രുഡിയോ ഉടമ ആന്റണി ജോ‌ർജ് കഴിഞ്ഞ 37 വ‌ർഷമായി ഇന്ദിരാ ഗാന്ധിയെക്കുറിച്ച് പറയാത്ത ഒരു ദിവസം പോലുമില്ല. അതിന് കാരണം ഒരു വലി​യ കടൽക്കൊഞ്ചാണ്! സ്റ്റുഡിയോയുടെ ഭിത്തിയിൽ സ്റ്റഫ് ചെയ്തുവച്ചിരിക്കുന്ന ഒരു ലോബ്സ്റ്റർ.

1984 ഒക്ടോബ‌ർ 31. ആന്റപ്പൻ എന്ന് നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന ആന്റണിയുടെ ജീവിതത്തിലേക്ക് രണ്ട് സങ്കടവാ‌ർത്തകൾ ഒന്നിച്ചു വന്നത് അന്നാണ്. ആവേശമായിരുന്ന നേതാവ് ഇന്ദിരാ ഗാന്ധിയുടെ നിഷ്ഠൂരമായ കൊലപാതകം. പി​ന്നാലെ രാജ്യം സ്തംഭി​ച്ചതി​നെ തുടർന്നുണ്ടായ കുടുംബത്തി​ന്റെ ബി​സി​നസ് തകർച്ച.
ആന്റപ്പന്റെ സഹോദരൻ ജോണിക്ക് കൊച്ചിയിലെ മുന്തിയ ഹോട്ടലുകളിൽ ലോബ്സ്റ്റർ അടക്കമുള്ള വിലകൂടിയ മത്സ്യങ്ങൾ എത്തിച്ച് നൽകുന്ന ബിസിനസായിരുന്നു. തൂത്തുക്കുടിയിൽ നിന്ന് ലോബ്സ്റ്ററും മീനുമായി കേരളത്തിലേക്ക് വന്ന ലോറി​കൾ അതി​ർത്തി​യി​ൽ കുടുങ്ങി​. ദുഃഖാചരണത്തിന് ശേഷം കണ്ടെയ്നർ കൊച്ചിയിൽ എത്തിച്ചെങ്കിലും എല്ലാം ചീഞ്ഞുപോയിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന ഒരു ലോബ്സ്റ്ററിന്റെ മാംസ ഭാഗങ്ങൾ നീക്കി സ്റ്റഫ് ചെയ്തു വച്ചതാണ് ഇന്നും സ്റ്റുഡി​യോയി​ലുള്ളത്.

 ഇന്ദിര ഓ‌ർമ്മ @365
കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി ദിവസവും ഇന്ദിരയെക്കുറിച്ച് വാതോരാതെ സംസാരിക്കുകയാണ് ആന്റണി. 48 വർഷമായി കുമ്പളങ്ങിയിലെ സ്റ്റുഡിയോയിൽ എത്തുന്നവ‌രി​ൽ ഒരാളെങ്കി​ലും ലോബ്സ്റ്ററിനെക്കുറിച്ച് തിരക്കും. അപ്പോൾ കഥ ഒരി​ക്കൽക്കൂടി​ പറയും - ആന്റണി പറയുന്നു.

 കാലപ്പഴക്കം മൂലം ലോബ്സ്റ്ററിന്റെ കാലുകൾക്ക് കേടുപാടുകൾ പറ്രിയതൊഴിച്ചാൽ മറ്റൊരു കുഴപ്പവുമി​ല്ല. വരും തലമുറയ്ക്ക് ഇന്ദിര ഓ‌‌ർമ്മകൾ പകർന്നുനൽകാൻ ലോബ്സ്റ്ററിനെ സൂക്ഷിക്കാനാണ് തീരുമാനം.

- ആന്റണി ജോ‌ർജ്

Advertisement
Advertisement