വിദ്യാകിരണം പദ്ധതിയിൽ വൻതട്ടിപ്പ്: പി. സുധീർ

Monday 01 November 2021 12:00 AM IST

തിരുവനന്തപുരം: മൂന്നരലക്ഷം വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ്പ്‌ടോപ്പ് വിതരണം ചെയ്യുന്ന വിദ്യാകിരണം പദ്ധതി സംസ്ഥാന സർക്കാർ റദ്ദാക്കിയതിന് പിന്നിൽ വൻതട്ടിപ്പെന്ന് ബി.ജെ.പി സംസ്ഥാന ജനറൽസെക്രട്ടറി പി.സുധീർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

ഈ പദ്ധതിയുടെ പേരിൽ കോടിക്കണക്കിന് രൂപയാണ് സർക്കാർ സമാഹരിച്ചത്. സ്‌കൂൾ അദ്ധ്യയനം ആരംഭിക്കുമെങ്കിലും ഓൺലൈൻ പഠന പ്രക്രിയ തുടരുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ച സാഹചര്യത്തിൽ ഡിജിറ്റൽ പഠനസൗകര്യങ്ങളില്ലാത്ത മൂന്നരലക്ഷത്തോളം വിദ്യാർത്ഥികളുടെ പഠനം ആശങ്കയിലാണ്.ഇത് ഭരണഘടന ഉറപ്പ് നൽകുന്ന വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനമാണ്. സ്‌പോൺസർമാരുടെ ഔദാര്യത്തിനും വായ്പാ പദ്ധതികൾക്കും പാവപ്പെട്ടകുട്ടികളെ വിട്ടുകൊടുക്കാതെ അർഹരായവർക്ക് സർക്കാർ നേരിട്ട് ഡിജിറ്റൽ പഠനസാമഗ്രികൾ വിതരണം ചെയ്യണം. വിദ്യാകിരണം പദ്ധതിക്കായി എത്ര രൂപ സമാഹരിച്ചെന്ന വിവരം സർക്കാർ പുറത്ത് വിടണമെന്നും സുധീർ ആവശ്യപ്പെട്ടു.