തൊഴിലുറപ്പുകാർ ഇറങ്ങി 'മികവി 'ലൂടെ വിദഗ്ദ്ധരാവാൻ

Monday 01 November 2021 12:06 AM IST
കോട്ടൂർ ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച മികവ് പരിശീലനത്തിൽ നിന്ന്

# ജില്ലയിൽ 'മികവ് " പരിശീലനത്തിന് തുടക്കം

കോഴിക്കോട്: തൊഴിലുറപ്പ് തൊഴിലാളികൾ ഇനി 'മികവ് " പരിശീലനത്തിലൂടെ വിദഗ്ദ്ധ തൊഴിലാളികളാകും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത 18നും 50നും ഇടയിൽ പ്രായമായ തൊഴിലാളികൾക്കാണ് പരിശീലനം നൽകുന്നത്.

ജില്ലയിൽ ആദ്യഘട്ടമെന്ന നിലയിൽ കാരശ്ശേരി, ചാത്തമംഗലം, പനങ്ങാട്, കോട്ടൂർ പഞ്ചായത്തുകളിലാണ് പരിശീലനത്തിന് തുടക്കമിട്ടിരിക്കുന്നത്. 30 പേർ വീതമുളള 120 തൊഴിലാളികളാണ് പരിശീലനത്തിലുളളത്. തൊഴിലുറപ്പ് തൊഴിലാളികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിവിധ തൊഴിലുകളിൽ വിദഗ്ദ്ധ പരിശീലനം നൽകി മറ്റ് മേഖലകളിലേക്ക് കൂടി വിന്യസിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്തൊട്ടാകെ ഒരു ലക്ഷം തൊഴിലാളികളെ പദ്ധതിയുടെ ഭാഗമാക്കും.

തുടക്കത്തിൽ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചുകൊണ്ടിരിക്കുന്ന കമ്പോസ്റ്റ് പിറ്റ്, സോക്ക്പിറ്റ്, അസോള ടാങ്ക് എന്നിവയുടെ നിർമ്മാണത്തിൽ പങ്കാളികളാക്കും. ക്രമേണ റോഡ്, ആട്ടിൻകൂട്, കോഴിക്കൂട് നിർമ്മാണം തുടങ്ങിയവ പരിശീലനം ലഭിച്ച തൊഴിലാളികളെ ഏൽപ്പിക്കും. ഗ്രാമ- ബ്ലോക്ക് പഞ്ചായത്തുകളിലെ എൻജിനിയർമാർ വൈദഗ്ദ്ധ്യത്തിനുളള സർട്ടിഫിക്കറ്റ് നൽകും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് കഴിവിനനുസരിച്ച് മികച്ച കൂലിയും ലഭ്യമാക്കും.

തൊഴിലാളികൾക്ക് പരിശീലനം നൽകുന്നതിനായി മാസ്റ്റർ ട്രെയിനർമാരെ പ്രദേശത്ത് നിന്ന് കണ്ടെത്തി കിലയിൽ നിന്ന് പ്രത്യേക പരിശീലനം നൽകും. പരിശീലകർക്കുള്ള വേതനം കിലയാണ് നൽകുക. ഒരു പഞ്ചായത്തിൽ 100 പേർക്കെങ്കിലും ഇത്തരത്തിൽ പരിശീലനം നൽകും. അടുത്ത ഘട്ടമായി ജില്ലയിലെ 70 ഗ്രാമപഞ്ചായത്തുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനാണ് ഉദ്ദേശം.

മികവ് പരിശീലനത്തിലൂടെ വിദഗ്ദ്ധ തൊഴിലാളിയായി മാറുന്ന തൊഴിലാളികൾക്ക് പ്രതിദിനം 800 രൂപ മുതൽ 1200 രൂപ വരെയാണ് വേതനം ഭിക്കുക. കൂടാതെ 100 ദിവസത്തെ തൊഴിലിന് പുറമെ പദ്ധതിയുടെ കീഴിലുള്ള ഗ്രാമപഞ്ചായത്തുകൾ നടപ്പാക്കുന്ന ഇതര പദ്ധതികളിലും പ്രവർത്തിക്കാൻ കഴിയും. പഞ്ചായത്തുകളിൽ പ്രവൃത്തികൾ ഇല്ലെങ്കിൽ പുറത്തും വിദഗ്ദ്ധ തൊഴിലാളികളായി പ്രവർത്തിക്കാം. നിലവിൽ പ്രതിദിനം 291രൂപയാണ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ലഭിക്കുന്നത് . വർഷം 100 ദിവസം പ്രവൃത്തി ചെയ്യുന്ന ഒരാൾക്ക് പരമാവധി 29100 രൂപ ലഭിക്കും. പദ്ധതി പ്രാവർത്തികമാകുന്നതോടെ നിർമ്മാണ മേഖലയിൽ ഉൾപ്പെടെ അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കുന്ന സാഹചര്യം ഒഴിവാക്കാൻ കഴിയും.

''പരിശീലനം നേടുന്നവരെ ഉൾപ്പെടുത്തി ലേബർ ബാങ്കുകൾ രൂപീകരിച്ച് സ്ഥിരമായി തൊഴിലും വരുമാനവും ലഭിക്കുന്നവരാക്കി മാറ്റുകയാണ് മികവിലൂടെ ചെയ്യുന്നത്. ചെറുപ്പക്കാർ പോലും തൊഴിലുറപ്പിനെ ആശ്രയിച്ചെത്തുന്നതിനാൽ പദ്ധതി വലിയൊരു മാറ്റത്തിന് കാരണമാകും''- ടി.എം മുഹമ്മദ് ജാ , ജോയിന്റ് ഡവലപ്പ്മെന്റ് കമ്മിഷണർ. തൊഴിലുറപ്പ് പദ്ധതി

Advertisement
Advertisement