കോന്നി മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം ഇന്ന് മുതൽ

Monday 01 November 2021 12:20 AM IST
കോന്നി മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗം തുടങ്ങുന്നതിനു മുന്നോടിയായി മന്ത്രി വീണ ജോർജ് പരിശോധന നടത്തുന്നു കെ.യു. ജനീഷ് കുമാർ എം.എൽ.എ, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ എന്നിവർ സമീപം.

കോന്നി : ഗവ.മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം ഇന്ന് മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് അറിയിച്ചു. ആദ്യഘട്ടമായി നിലവിലുള്ള സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയാണ് അത്യാഹിത വിഭാഗം ആരംഭിക്കുന്നത്. 24 മണിക്കൂറും അത്യാഹിത വിഭാഗം പ്രവർത്തിക്കും. മൂന്നു മാസത്തിനുള്ളിൽ എല്ലാ വിധ സൗകര്യങ്ങളോടും കൂടി പ്രവർത്തനം പൂർണ്ണതോതിലാക്കും. ക്രമീകരണങ്ങൾ മന്ത്രിയും കെ.യു.ജനീഷ് കുമാർ എം.എൽ.എയും ജില്ലാ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്.അയ്യരും വിലയിരുത്തി. എം.എൽ.എ ഫണ്ട് ഉപയോഗിച്ച് മെഡിക്കൽ കോളേജിൽ സ്ഥാപിച്ച അൾട്രാസൗണ്ട് സ്കാനിംഗ് സെന്ററിന്റെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു. ജനറൽ മെഡിസിൽ, സർജറി, അസ്ഥിരോഗം,ശിശുരോഗം തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ 24 മണിക്കൂർ സേവനമാണ് നാളെ മുതൽ അത്യാഹിത വിഭാഗത്തിൽ ആരംഭിക്കുന്നത്. അടിയന്തിര ശസ്ത്രക്രിയകൾ, അസ്ഥിരോഗ വിഭാഗത്തിലെ ശസ്ത്രക്രിയകൾ, ഹൃദയാഘാതം, പക്ഷാഘാതം, പ്രസവസംബന്ധമായ ചികിത്സകൾ തുടങ്ങിയ രോഗികൾ എത്തിച്ചേർന്നാൽ പ്രാഥമിക ചികിത്സ മാത്രമേ തത്കാലം ലഭ്യമാകുകയുള്ളു. എക്സറേ, അൾട്രാസൗണ്ട് സ്കാനിംഗ്, 24 മണിക്കൂറും പ്രവർത്തിക്കുന്ന ലബോറട്ടറിയും ഫാർമസിയും തുടങ്ങിയവയെല്ലാം ഇപ്പോൾ ഉറപ്പാക്കിയിട്ടുണ്ട്. ആവശ്യമായ ഡോക്ടർമാരെയും നിയോഗിച്ചു. അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം ആരംഭിച്ച ശേഷം കൂടുതൽ ഡോക്ടർമാരെ ആവശ്യമെങ്കിൽ എത്തിക്കും. ഒ.പി.യുടെ എണ്ണം 800 ആയി ഉയർന്നിട്ടുണ്ട്. പരിസ്ഥിതി അനുമതിയും വ്യവസ്ഥകളോടെ ലഭ്യമായിട്ടുണ്ട്. 2022-23 അക്കാദമിക്ക് വർഷത്തിൽ ക്ലാസുകൾ ആരംഭിക്കാൻ കഴിയും.അക്കാദമിക്ക് ബ്ലോക്കിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.