ഓർമ്മയിലെ ചരിത്ര ചിത്രങ്ങൾ
ഗുരുവായൂർ സത്യഗ്രഹത്തിന് സാക്ഷ്യംവഹിച്ച ചിത്രൻ നമ്പൂതിരിപ്പാടിന്റെ ഓർമ്മകളിലൂടെ...
.......................................
"കിഴക്കേ നടയിൽ ആൽത്തറയോടു ചേർന്ന് ഓല കൊണ്ട് പന്തൽ. അതിൽ ഏറെ ക്ഷീണിതനായി കെ. കേളപ്പൻ കിടക്കുന്നു. നെറ്റിയിൽ പ്രസാദം തൊട്ടിട്ടുണ്ട്. ഉപവാസം ആരംഭിച്ചിട്ട് കുറെയായതിനാൽ അതിന്റെ ക്ഷീണമുണ്ട്, മുഖത്ത്. വരുന്നവരോട് ഇരിക്കാൻ ആംഗ്യം കാട്ടുന്നുണ്ട്. മുന്നിലെ ബെഞ്ചിൽ ഞാനും ശങ്കരയ്യൻ മാഷും ഇരുന്നു..."
തൊണ്ണൂറു വർഷം മുമ്പ്, നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലായ ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹ സമരപ്പന്തലിലെത്തിയ അനുഭവം പറയുകയാണ് നൂറ്റിയൊന്ന് പിന്നിട്ട പി. ചിത്രൻ നമ്പൂതിരിപ്പാട്. അന്നെനിക്ക് പതിനൊന്നു വയസ്. മനയിലെത്തി എന്നെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ശങ്കരയ്യൻ മാഷുടെ കൈപിടിച്ചാണ് ഞാൻ ചെന്നത്. താഴെ വിരിച്ച പായയിലിരുന്ന് പതിനഞ്ചോളം സ്ത്രീകൾ ഭജന പാടുന്നുണ്ട്. കുറച്ച് പുരുഷന്മാർ. വരുന്നവരെല്ലാം കേളപ്പനെ തൊഴുത് പോകുന്നു. വോളണ്ടിയർ ക്യാപ്റ്റനായ എ.കെ ഗോപാലൻ നിർദ്ദേശങ്ങൾ നൽകുന്നു.
എന്നേക്കാൾ ഏറെ മൂപ്പുള്ള എട്ടൻ നാരായണൻ സോമയാജിപ്പാടിൽ നിന്നും പത്രങ്ങളിൽ നിന്നുമാണ് ഗുരുവായൂർ ക്ഷേത്രത്തിൽ എല്ലാവർക്കും പ്രവേശനത്തിനായി നടക്കുന്ന സമരത്തിന്റെ കാര്യമറിഞ്ഞത്. അന്നു മുതൽ അവിടേക്കു പോകണമെന്ന മോഹമുദിച്ചു. എങ്ങനെ പോകുമെന്ന് പിടിയില്ല. അച്ഛൻ പത്രമൊന്നും വായിക്കാറില്ല. സമരത്തെക്കുറിച്ചൊന്നും അദ്ദേഹത്തിന് അറിയില്ലെന്നു തോന്നുന്നു. എന്റെ സമുദായത്തിൽപ്പെട്ടവരും മനയിലെ മറ്റുള്ളവരും സമരത്തെ എതിർത്ത് പറയുന്നത് കേൾക്കാം.
എങ്ങനെ പോകുമെന്ന ചിന്തയ്ക്കിടയിലാണ് ശങ്കരയ്യൻ മാഷ്‌ടെ കൂടെ പൊയ്ക്കോളാൻ എട്ടൻ നിർദ്ദേശിച്ചത്. മാഷെ അച്ഛന് വലിയ വിശ്വാസമാണ്. സമരപ്പന്തൽ കാണാൻ പോകുകയാണെന്ന് പറഞ്ഞാൽ വിടില്ല. മാസത്തിൽ ഒരിക്കലെങ്കിലും ഗുരുവായൂരിൽ പോയി കുളിച്ചു തൊഴണമെന്ന് അച്ഛന് നിർബന്ധമുണ്ടായിരുന്നു. അത് സമരപ്പന്തൽ കാണാനുള്ള പിടിവള്ളിയായി. ശങ്കരയ്യർ മാഷിനും പേടിയുണ്ടായിരുന്നെങ്കിലും അച്ഛൻ സമ്മതിച്ചു. എട്ടൻ കൂടി പറഞ്ഞതോടെ നീട്ടി മൂളി. മനയിലെ വലിയ തോണിയിൽ എല്ലാവരും കൂടിയാണ് ഗുരുവായൂർക്കു പോകാറ്. ഒന്നുരണ്ട് നാഴിക അകലെയുള്ള ചാവക്കാട്ടിറങ്ങി കാളവണ്ടിയിലാണ് ഗുരുവായൂരെത്തുക.
രാവിലെ ഗുരുവായൂരിലെത്തി തൊഴുത ശേഷമാണ് കിഴക്കേ നടയിലുള്ള സമരപ്പന്തലിലെത്തിയത്. പന്തലിൽ പ്രസംഗമൊന്നുമുണ്ടായിരുന്നില്ല. വൈകിട്ട് സുബ്രഹ്മണ്യൻ തിരുമുമ്പിന്റെ തർജ്ജമയുണ്ടെന്ന് കേട്ടു. ഭാഗവതമോ മറ്റോ വായിച്ച് തർജ്ജമ ചെയ്തു കൊടുക്കും. ഞങ്ങൾക്ക് അത്ര നേരമിരിക്കാൻ പറ്റില്ല. രാത്രി അമ്പലത്തിൽ ബ്രാഹ്മണർക്ക് ഊട്ടുണ്ട്. അത് കിട്ടണമെങ്കിൽ ചെന്ന് മുണ്ട് വയ്ക്കണം. അതുകൊണ്ട് ഒരു മണിക്കൂറോളം അവിടെയിരുന്ന ശേഷം വടക്കേനടയിൽ ഞങ്ങൾക്കുള്ള വീട്ടിലേക്ക് തിരിച്ചു പോന്നു. പിറ്റേന്നു പുലർച്ചെ എഴുന്നേറ്റ് കുളിച്ചുതൊഴുത് കാപ്പി ക്ലബ്ബിൽ ചെന്ന് കാപ്പി കുടിച്ച് ഇല്ലത്തേക്കു മടങ്ങി. പിന്നീട് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പ്രവേശാനാനുമതി സംബന്ധിച്ച് സവർണർക്കിടയിൽ റഫറണ്ടം നടത്തിയപ്പോൾ സ്വന്തം മനയിലുള്ളവർ പോലും എതിർത്തു- ചിത്രൻ നമ്പൂതിരിപ്പാട് ഓർത്തെടുക്കുന്നു.
ഗാന്ധിജിയെ
കണ്ട ഓർമ്മ
നിരാഹാര സമരം കാരണം ഏറെ ക്ഷീണിതനായ കെ. കേളപ്പൻ പിന്നീട് ഗാന്ധിജിയുടെ നിർദ്ദേശ പ്രകാരമാണ് സമരം നിറുത്തിയത്. ബോംബെയിൽ എ.ഐ.സി.സി സമ്മേളനം നടക്കുമ്പോൾ കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടാണ് കേളപ്പന്റെ ആരോഗ്യ സ്ഥിതിയും സമരത്തിന്റെ സ്വഭാവവും ഗാന്ധിജിയെ ധരിപ്പിച്ചത്. ഉടനെ, കേളപ്പൻ ഉപവാസം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഗാന്ധിജി ടെലിഗ്രാം അടിച്ചതായി പത്രത്തിലൂടെ അറിഞ്ഞു. സമരം താൻ ഏറ്റെടുക്കുകയാണെന്നും അദ്ദേഹം ടെലിഗ്രാമിൽ ചേർത്തു.
രണ്ടു മാസത്തിനു ശേഷം ഗാന്ധിജി ഗുരുവായൂരിലെത്തി. ഇതറിഞ്ഞ ഞാൻ, ഗാന്ധിജിയെ കാണണമെന്ന മോഹത്തിൽ വീണ്ടും ശങ്കരയ്യൻ മാഷെ ചട്ടം കെട്ടി ഗുരുവായൂരിലേക്ക് യാത്രയായി. ഞങ്ങളുടെ ഗുരുവായൂരിലെ വീടിനു മുന്നിലൂടെ ഗാന്ധിജിയെ കാണാൻ ജനക്കൂട്ടം ഒഴുകുകയായിരുന്നു. സ്ത്രീകൾ അടക്കമുള്ളവരാണ് കിഴക്കേ നടയിൽ നിന്ന് കുറച്ചു മാറിയുള്ള കൊയ്‌തൊഴിഞ്ഞ പാടത്തേക്ക് പ്രവഹിച്ചത്. അച്ഛന്റെ നിർദ്ദേശം തെറ്റിക്കാതെ അമ്പലത്തിൽ പോയി തൊഴുതു. പിന്നെ മാഷുടെ കൈ പിടിച്ച് യോഗ സ്ഥലത്തെത്തി.
ഗാന്ധിജിയും കേളപ്പനും മാത്രമാണ് സ്റ്റേജിലുണ്ടായിരുന്നത്. ഇംഗ്ലീഷിലാണ് ഗാന്ധിയുടെ പ്രസംഗം. ഞാൻ ഇംഗ്ലീഷ് പഠിക്കുന്നുണ്ടെങ്കിലും പ്രസംഗം മനസിലാക്കാനുള്ള അറിവൊന്നുമുണ്ടായിരുന്നില്ല. ഒരാൾ തർജ്ജമ ചെയ്തെങ്കിലും കൂടുതലായി മനസിലാക്കാനായില്ല. അകലെ നിന്നാണെങ്കിലും ഗാന്ധിജിയെ കാണാൻ സാധിച്ചല്ലോയെന്ന സംതൃപ്തിയിൽ മടങ്ങിപ്പോന്നു- അദ്ദേഹം പറഞ്ഞു. പിന്നീട് ക്ഷേത്രഗോപുരം എല്ലാവർക്കുമായി തുറന്നു കൊടുത്തപ്പോൾ, മന വക മൂക്കുതല ക്ഷേത്രത്തിലേക്ക് നിരവധി പേരെ വിളിച്ച് ദർശനത്തിനു വഴിയൊരുക്കിയ പാരമ്പര്യവും ചിത്രൻ നമ്പൂതിരിപ്പാടിനുണ്ട്. അതിനെല്ലാം കാരണമായത് ചെറുപ്പത്തിലെ ഈ കാഴ്ചകളും.