ഞാൻ കേരളീയൻ

Monday 01 November 2021 3:24 AM IST

കൊച്ചി: ആദ്യമായി കാണുന്നവരോട് രണ്ടുവട്ടം പേര് പറയണം, പേരിന് പിന്നിലെ രഹസ്യവും. പിന്നെ ചേട്ടന്റെ പേരും! ഇന്ന് കേരളം 66-ാം പിറന്നാൾ ആഘോഷിക്കുമ്പോൾ വ്യത്യസ്‌തവും കൗതുകവുമുള്ള പേരിന്റെ പെരുമയിൽ അഭിമാനം കൊള്ളുകയാണ് കേരളീയൻ. ചെന്നൈയിൽ രാംകോ സിമന്റ്‌സിൽ ബ്രാൻഡ് മാനേജ്‌മെന്റ് വിഭാഗം ജനറൽ മാനേജരാണ് എസ്. കേരളീയൻ.

പേരിന്റെ കഥ ഇനി കേരളീയൻ പറയട്ടെ:

പിറന്ന മണ്ണിനെ പ്രാണനുതുല്യം സ്‌നേഹിക്കുന്ന സുകുമാരൻ തനിക്കൊരു ആൺകുഞ്ഞ് പിറന്നപ്പോൾ മറ്റൊരു പേര് ആലോചിച്ചില്ല... 'ഭാരതീയൻ" എന്ന് വിളിച്ചു. 1966ലായിരുന്നു അത്. 1969ൽ, രണ്ടാമതും ആൺകുഞ്ഞ്. പേര് - 'കേരളീയൻ".

തൃപ്പൂണിത്തുറ എരൂർ സ്വദേശിയാണ് അച്‌ഛൻ സുകുമാരൻ നായർ‌. ഇന്ത്യൻ റെയിൽവേ ഉദ്യോഗസ്ഥനായിരുന്നു. അമ്മ ലീല, മദ്ധ്യപ്രദേശിൽ പൊതുമരാമത്ത് വകുപ്പിലും. ഇരുവരും എരൂരിൽ വിശ്രമജീവിതം നയിക്കുന്നു.

ഞാനും ചേട്ടനും വളർന്നതും പഠിച്ചതുമെല്ലാം ഉത്തരേന്ത്യയിൽ. പുതുതായി ആരെ പരിചയപ്പെട്ടാലും ഞങ്ങൾ രണ്ടുമൂന്നുവട്ടം പേര് പറയണം. എന്നാലേ കേൾക്കുന്നവർ വിശ്വസിക്കൂ.

ഞാനെന്റെ പേര് പറയുമ്പോൾ കേരളക്കാരനാണെന്ന് മനസിലായി, പേര് പറയൂ എന്ന് അവർ വീണ്ടും ചോദിക്കും. എന്തുകൊണ്ട് ഈ പേരിട്ടു എന്നതിന്റെ കാരണമായി ഞാൻ ചേട്ടന്റെ പേരും പറയും; ചേട്ടനോട് ചോദിച്ചാൽ എന്റെ പേരും. ചേട്ടൻ ഭാരതീയനും ബിലാസ്‌പൂരിൽ റെയിൽവേയിലാണ്.

'കേരൂ" എന്നാണ് അടുപ്പക്കാർ എന്നെ വിളിക്കുന്നത്. ബിലാസ്‌പൂരിലായിരുന്നു സ്കൂൾകാലം. ഇൻഡോറിലെ കോളേജിൽ നിന്ന് അഗ്രികൾച്ചർ സയൻസ് ബിരുദമെടുത്തു. ഉജ്ജയിനിലെ വിക്രം യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം.ബി.എയും. ഇ.ഐ.ഡി പ്യാരി, എച്ച്.എൽ.എൽ., പിഡിലൈറ്റ് തുടങ്ങിയ കമ്പനികളിൽ ജോലി ചെയ്‌തു. കഴിഞ്ഞ എട്ടുവർഷമായി രാംകോ സിമന്റ്സിൽ. ബോംബെ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ ജോലി ചെയ്‌തശേഷം ഇപ്പോൾ ചെന്നൈയിൽ. ഭാര്യ ശ്രീദേവി, മുൻ എൽ.ഐ.സി ജീവനക്കാരിയാണ്. മകൾ പാർവതി ഐ.ഐ.എം റാഞ്ചിയിൽ പഠിക്കുന്നു.

Advertisement
Advertisement