ഗ്യാസ് വിലക്കയറ്റം കനത്ത തിരിച്ചടി, ഇങ്ങനെപോയാൽ അണയും ഹോട്ടൽ അടുപ്പുകൾ

Tuesday 02 November 2021 12:00 AM IST

കോഴിക്കോട്: കൊവിഡ് ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് കരകയറുന്നതിനിടെ ഹോട്ടൽ വ്യവസായത്തിന് ഇരുട്ടടിയായി പാചകവാതക വിലവർദ്ധന. ഇന്ധനങ്ങൾക്ക് അടിക്കടിയുണ്ടാവുന്ന വിലവർദ്ധനവ് കാരണം ഹോട്ടൽ വ്യവസായം വലിയ പ്രതിസന്ധി നേരിടുകയാണെന്ന് ഉടമകൾ പറയുന്നു. നിരവധി പേർക്ക് തൊഴിൽ നൽകുന്ന ഹോട്ടൽ വ്യവസായത്തെ സർക്കാരുകൾ വേണ്ടത്ര പരിഗണിക്കുന്നില്ലെന്ന ആക്ഷേപവും ഇവർക്കുണ്ട്. കൊവിഡ് പ്രതിസന്ധിയിൽ നിരവധി ഹോട്ടലുകളാണ് അടച്ചു പൂട്ടിയത്. അതേ അവസ്ഥയിലേക്കാണ് വീണ്ടും പോകുന്നത്. ഒരു ഹോട്ടൽ പൂട്ടുമ്പോൾ കുറഞ്ഞത് പത്ത് പേർക്കെങ്കിലും തൊഴിൽ നഷ്ടമാവുന്ന സ്ഥിതി വരും.

വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന് ഇന്നലെ 266 രൂപയാണ് വർദ്ധിപ്പിച്ചത്. ഇതോടെ രണ്ടായിരം രൂപയ്ക്ക് മുകളിലാണ് സംസ്ഥാനത്ത് ഒരു സിലിണ്ടർ ഗ്യാസിന്റെ വില. കഴിഞ്ഞ ഒരു വർഷത്തിനിടെ ആയിരത്തോളം രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. പ്രതിദിനം മൂവായിരത്തിലധികം രൂപയുടെ അധികബാദ്ധ്യതയാണ് ഓരോ ഹോട്ടലുടമയ്ക്കും ഉണ്ടാവുന്നത്. ഇന്ധന വിലവർദ്ധനയ്ക്കൊപ്പം പച്ചക്കറി- പലവ്യഞ്ജനങ്ങളുടെ വിലയും കുതിച്ചുയരുകയാണ്. പാചകവാതക വില കുറയ്ക്കാൻ തയ്യാറായില്ലെങ്കിൽ ഹോട്ടൽ വിഭവങ്ങൾക്ക് വില വർദ്ധിപ്പിക്കേണ്ടതായി വരുമെന്നാണ് ഹോട്ടൽ ഉടമകൾ പറയുന്നത്.

കൊവിഡും പ്രകൃതിക്ഷോഭവും കാരണം നട്ടംതിരിയുന്ന ജനത്തെ തള്ളി എണ്ണക്കമ്പനികൾക്ക് കൊള്ളലാഭം കൊയ്യാൻ സർക്കാർ കൂട്ടുനിൽക്കുകയാണെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ആരോപിച്ചു.

""പെട്രോളിയം ഉത്പ്പന്നങ്ങളുടെ വിലനിയന്ത്രണാവകാശം പെട്രോളിയം കമ്പനികളിൽ നിന്ന് കേന്ദ്രസർക്കാർ ഏറ്റെടുക്കണം. പാചകവാതക വിലവർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് യൂണിറ്റ്, ജില്ലാ തലങ്ങളിൽ സമരം സംഘടിപ്പിക്കും.

മൊയ്തീൻകുട്ടി ഹാജി ( പ്രസിഡന്റ്, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ)

Advertisement
Advertisement