ഇംഗ്ളണ്ട് സെമിയിൽ

Monday 01 November 2021 11:46 PM IST

ശ്രീലങ്കയെ 26 റൺസിന് തോൽപ്പിച്ചു, ബട്ട്‌ലർക്ക് സെഞ്ച്വറി(101*)

ഷാർജ : സൂപ്പർ 12 റൗണ്ടിലെ തങ്ങളുടെ നാലാം മത്സരത്തിലും വിജയം നേടിയ ഇംഗ്ളണ്ട് ട്വന്റി-20 ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ടീമായി. ഇന്നലെ ഷാർജയിൽ 26റൺസിനാണ് ഇംഗ്ളീഷുകാർ ലങ്കയെ വീഴ്ത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ളണ്ട് നാലുവിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുത്തപ്പോൾ ലങ്കയുടെ മറുപടി 19 ഓവറിൽ 137 റൺസിലൊതുങ്ങി..

35 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായിരുന്ന ഇംഗ്ളണ്ടിനെ തന്റെ അന്താരാഷ്ട്ര ട്വന്റി-20കരിയറിലെയും ഈ ലോകകപ്പിലെയും ആദ്യ സെഞ്ച്വറിയുമായി (101*) ജോസ് ബട്ട്‌ലറാണ് കരകയറ്റിയത്. നായകൻ ഇയോൻ മോർഗൻ 40 റൺസടിച്ചു.

രണ്ടാം ഓവറിൽ ജേസൺ റോയ്‌യെയും (9) അഞ്ചാം ഓവറിൽ ഡേവിഡ് മലാനെയും (6)ആറാം ഓവറിൽ ബെയർസ്റ്റോയെയും (0) ഇംഗ്ളണ്ടിന് നഷ്ടമായപ്പോൾ വലിയൊരു തകർച്ച മുന്നിൽ കണ്ടെങ്കിലും നാലാം വിക്കറ്റിൽ ബട്ട്‌ലറും മോർഗനും കൂട്ടിച്ചേർത്ത 112 റൺസ് രക്ഷയായി.ഓപ്പണറായി ഇറങ്ങിയ അവസാനപന്തുവരെ ക്രീസിലുണ്ടായിരുന്ന ബട്ട്‌ലർ 67 പന്തുകൾ നേരിട്ട് ആറുവീതം ഫോറും സിക്സും പറത്തി.

രണ്ട് വി​ക്കറ്റ് വീതം വീഴ്ത്തി​ മൊയീൻ അലി​,ആദി​ൽ റഷീദ്,ക്രി​സ് യോർദാൻ എന്നി​വരാണ് ലങ്കൻ ബാറ്റിംഗി​നെ തകർത്തത്.34 റൺസെടുത്ത വാനിന്ദു ഹസരംഗയാണ് ലങ്കയുടെ ടോപ് സ്കോറർ.ചരിത് അസലങ്ക(21),ഭനുക രാജപക്സ(26),ദാസുൻ ഷനക(26) എന്നിവരും അൽപ്പനേരം പിടിച്ചുനിന്നു.

ബട്ട്‌ലറാണ് മാൻ ഒഫ് ദ മാച്ച്.

ഇന്നത്തെ മത്സരങ്ങൾ

ദക്ഷിണാഫ്രിക്ക Vs ബംഗ്ളാദേശ്

(വൈകിട്ട് 3.30 മുതൽ)

പാകിസ്ഥാൻ Vs നമീബിയ

(രാത്രി 7.30 മുതൽ)

Advertisement
Advertisement