നിയന്ത്രണത്തിലും വർണ്ണാഭം

Tuesday 02 November 2021 12:52 AM IST
ചൂരക്കോട് ഗവ. എൽ. പി സ്കൂളിൽ അദ്ധ്യാപകർ നിയന്ത്രണങ്ങളോടെ കുട്ടികളെ വരവേൽക്കുന്നു.

അടൂർ : ഒന്നര വർഷത്തിലേറെയായി വിജനമായിരുന്ന സ്കൂൾ പരിസരം വിദ്യാർത്ഥികളുടെ ആരവത്താൽ വീണ്ടും സജീവമായി. വീട്ടിലിരുന്ന മടുത്ത വിദ്യാർത്ഥികൾ കൂട്ടുകാരെയും അദ്ധ്യാപകരെയും കണ്ടതോടെ സന്തോഷവാൻമാരായി. ഉപജില്ലയിലെ സ്കൂളുകളിൽ കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും പ്രവേശനോത്സവം വർണാഭമായി. സ്കൂൾ പരിസരം അലങ്കരിച്ചും സാനിറ്റൈസറും മാസ്കും നല്കി തെർമോസ്കാനർ ഉപയോഗിച്ച് ചൂട് പരിശോധിച്ചുമാണ് കുട്ടികളെ വരവേറ്റത്. രക്ഷിതാക്കളെയും പി.ടി.എ ഭാരവാഹികളെയും സ്കൂൾ വളപ്പിൽ പ്രവേശിപ്പിച്ചില്ല. ജില്ലയിലെ എൽ.പി സ്കൂളുകളിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളുള്ള ചൂരക്കോട് ഗവ.എൽ.പി. എസിൽ കുട്ടികളെ ക്ലാസ് മുറിയ്ക്കുള്ളിലേക്ക് കടത്തി വിട്ടത് കർശന നിയന്ത്രണങ്ങളോടെയായിരുന്നു. മൺചിരാതുകൾ തെളിച്ചാണ് അദ്ധ്യാപകർ കുട്ടികളെ വരവേറ്റത്. ഓരോ ക്ലാസ് മുറിക്കുള്ളിലും നിലവിളക്കും തെളിച്ചു. തുടർന്ന് ഉച്ചയ്ക്ക് പായസം കൂട്ടി സദ്യയ്ക്ക് ശേഷം രക്ഷകർത്താക്കൾക്കൊപ്പം വിദ്യാർത്ഥികൾ മടങ്ങി. ട്രോയിംഗ് ബുക്കുകൾ, ക്രയോണുകൾ, കളർ പെൻസിലുകൾ എന്നിവ സ്കൂളിൽ നിന്നും നല്കി. ഹെഡ് മാസ്റ്റർ സി.എം ബുഷ്റ, സീനിയർ അസിസ്റ്റന്റ് കെ . ഗീതാദേവി, സ്റ്റാഫ് സെക്രട്ടറി എസ്.സുജാ ദേവി എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികളെ സ്വീകരിച്ചത്.

Advertisement
Advertisement