സിനിമയ്ക്ക് വീണ്ടും നല്ലകാലം, പ്രതീക്ഷയോടെ തിയേറ്റർ ഉടമകളും

Monday 01 November 2021 11:55 PM IST

കൊച്ചി: ജെയിംസ് ബോണ്ടി​ന്റെയും തമി​ഴ് ഡോക്ടറുടെയും കരുത്തി​ൽ തിയേറ്ററുടമകൾ ശുഭപ്രതീക്ഷയി​ൽ​. 'കുറുപ്പ് ' കൂടി​ വരുന്നതോടെ നല്ലകാലം തിരിച്ചുകി​ട്ടുമെന്നാണ് സിനിമാവ്യവസായികളുടെ പ്രതീക്ഷ.

ഒന്നരവർഷത്തിനു ശേഷമാണ് കഴിഞ്ഞ 27ന് തിയേറ്ററുകൾ തുറന്നത്. ബോണ്ടി​ന്റെ 'നോ ടൈം ടു ഡൈ', അമേരി​ക്കൻ ആക്ഷൻ ചി​ത്രം 'വെനം', തമി​ഴി​ലെ 'ഡോക്ടർ' എന്നി​വയായി​രുന്നു ഓപ്പണിംഗ് ചി​ത്രങ്ങൾ. 29 ന് മലയാള സിനിമ 'സ്റ്റാർ' കൂടി​ റിലീസ് ചെയ്തു. നോ ടൈം ടു ഡൈക്കാണ് കൂടുതൽ പ്രേക്ഷകരെ ലഭിക്കുന്നത്.

ദീപാവലി പ്രമാണിച്ച് രജനീകാന്തിന്റെ 'അണ്ണാത്തെ' തമിഴ്നാടിനൊപ്പം വ്യാഴാഴ്ച കേരളത്തിലും റിലീസ് ചെയ്യും. ദുൽക്കർ സൽമാൻ നായകനായ 'കുറുപ്പ്' 12ന് എത്തും. സുകുമാരക്കുറുപ്പ് സംഭവത്തെ ആസ്പദമാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന കുറുപ്പിന്റെ നിർമ്മാതാവും ദുൽക്കറാണ്.

പകുതി​ സീറ്റുകളി​ൽ മാത്രമാണ് തിയേറ്ററുകളി​ൽ പ്രവേശനാനുമതി. അതി​ൽ 80-90 ശതമാനം സീറ്റുകളും ഫുള്ളാകുന്നുണ്ടെന്ന് തിയേറ്റർ ഉടമകൾ പറയുന്നു. 300 ലേറെ സിനിമകളാണ് റിലീസിന് ഒരുങ്ങുന്നത്.

മരയ്ക്കാർ ഒ.‌ടി.ടിയിൽ

മോഹൻലാൽ നായകനായ 'മരയ്ക്കാർ അറബിക്കടലിന്റെ സിംഹം' ഒ.ടി.ടിയിൽ റിലീസ് ചെയ്യുമെന്ന് ഉറപ്പായി. മരയ്ക്കാറിന് വേണ്ടി ഇനി ശ്രമിക്കേണ്ടെന്ന് തിയേറ്ററുടമകളും തീരുമാനിച്ചു. ഒ.ടി.ടിക്ക് തടസം ഉന്നയിക്കേണ്ടെന്നാണ് തീരുമാനം.

സർക്കാർ സഹായം ഇന്ന്

സിനിമാ വ്യവസായത്തിന് സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ട് ഫിലിം ചേംബർ സമർപ്പിച്ച നിവേദനത്തിൽ ഇന്ന് സർക്കാർ തീരുമാനമെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി കെ.എൻ. ബാലഗോപാൽ, സാംസ്കാരികമന്ത്രി സജി ചെറിയാൻ എന്നിവർ ഇന്ന് യോഗം ചേർന്ന് തീരുമാനം പ്രഖ്യാപിക്കും.

പ്രേക്ഷകർ ആവേശത്തോടെയാണ് സിനിമ കാണാനെത്തുന്നത്. ഏതാനും ദിവസത്തെ പ്രതികരണവും വരുമാനവും സിനിമയുടെ തിരിച്ചുവരവിന്റെ വ്യക്തമായ സൂചനയാണ്.

കെ. വിജയകുമാർ

പ്രസിഡന്റ്

ഫുയോക്

യുവാക്കളും കുടുംബങ്ങളും എത്തുന്നത് ശുഭസൂചനയാണ്. മുഴുവൻ സീറ്റുകളിൽ അനുമതി ലഭിച്ചാൽ സിനിമാരംഗം പഴയനില കൈവരിക്കും.

ഷാജി ശിവജി, പ്രസിഡന്റ്
സിനി എക്സിബിറ്റേഴ്സ് അസോസിയേഷൻ

Advertisement
Advertisement