കുരുന്നുകൾക്കായി കളക്ടർ പാടി, 'ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം...'

Tuesday 02 November 2021 12:08 AM IST
കോന്നി ഗവ.എൽ.പി.സ്‌കൂളിലെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ കുട്ടികളുമായി സംസാരിക്കുന്നു

പത്തനംതിട്ട : ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന

തിരുമുറ്റത്തെത്തുവാൻ മോഹം..... കളക്ടർ ദിവ്യ എസ്. അയ്യർ പാടി നിറുത്തുമ്പോൾ ഒന്നരവർഷം അന്യമായ സ്കൂൾ ജീവിതത്തിന്റെ ഈണവും വർണവും ചുറ്റുമുള്ളവർ തിരിച്ചറിയുകയായിരുന്നു. കോന്നി എൽ.പി.സ്‌കൂളിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ജില്ലാ കളക്ടർ. പാട്ടുപാടി കുട്ടികളെ വരവേറ്റ കളക്ടർ വിശേഷങ്ങൾ ചോദിക്കുകയും മാസ്‌ക്ക് വയ്ക്കുന്നത് ഓർമ്മിപ്പിക്കുകയും ചെയ്തു.

കുട്ടികൾക്ക് മാതൃകയായി അദ്ധ്യാപകരും മാതാപിതാക്കളും മാറണമെന്ന് കളക്ടർ പറഞ്ഞു. കുട്ടികളിലെ കലാവാസനകളെ കണ്ടെത്തി പരിപോഷിപ്പിക്കണം. നല്ല ഓർമ്മകൾ നൽകുവാൻ സ്‌കൂളുകൾക്ക് കഴിയണം. 590 ദിവസങ്ങൾക്ക് ശേഷമാണ് കുട്ടികൾ സ്‌കൂളിൽ വരുന്നത്. കുട്ടികളെ സൂക്ഷ്മമായി പരിപാലിച്ചുകൊണ്ടുപോകാൻ സാധിക്കണം. എന്നും സ്‌കൂളുകളിൽ വരുന്ന ശീലം കുട്ടികളിൽ വളർത്തിയെടുക്കണമെന്നും അദ്ധ്യാപകരോട് ചോദ്യങ്ങൾ ചോദിച്ച് ഉത്തരം കണ്ടെത്തി പഠിച്ചു വളരണമെന്നും കളക്ടർ പറഞ്ഞു.
പി.ടി.എ പ്രസിഡന്റ് പേരൂർ സുനിൽ അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യപ്രവർത്തക ഡോ.എം.എസ്.സുനിൽ മുഖ്യാതിഥിയായിരുന്നു. വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ബീനാറാണി, എ.ഇ.ഒ കുഞ്ഞുമൊയ്തീൻ കുട്ടി, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ-ഓർഡിനേറ്റർ എസ്. രാജേഷ്, ഹെഡ് മാസ്റ്റർ ബി. റഹീം, പി.ടി.എ വൈസ് പ്രസിഡന്റ് വിനോദ് ഇളകൊള്ളൂർ തുടങ്ങിയവർ പങ്കെടുത്തു.

124 കുട്ടികളാണ് കോന്നി ഗവ.എൽ.പി.സ്‌കൂളിൽ

ഒന്നാം ക്ലാസിൽ പഠനം തുടങ്ങിയത്.

Advertisement
Advertisement