ചാവക്കാട്ട് ബി.ജെ.പി പ്രവർത്തകന്റെ കൊലപാതകം: മൂന്നു പേർ അറസ്റ്റിൽ

Tuesday 02 November 2021 2:20 AM IST

ചാവക്കാട് : ബി.ജെ.പി പ്രവർത്തകൻ മണത്തല കൊപ്പാറ വീട്ടിൽ ചന്ദ്രന്റെ മകൻ ബിജുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മണത്തല സ്വദേശി പള്ളിപറമ്പിൽ അനീഷ് (33), മേനോത്ത് വിഷ്ണു ( 21), ചൂണ്ടൽ ചെറുവാലിയിൽ സുനീർ (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട ബിജുവിന്റെ സുഹൃത്തും പ്രതികളും തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്നുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.

കേസിലെ ഒന്നാം പ്രതി അനീഷ് നിരവധി കേസുകളിൽ പ്രതിയും സ്റ്റേഷൻ റൗഡി ലിസ്റ്റിൽപെട്ടയാളുമാണ്. വിഷ്ണുവിന്റെ പേരിലും നിരവധി കേസുണ്ട്. പ്രതികളെ ഇന്ന് തെളിവെടുപ്പിനുശേഷം കോടതിയിൽ ഹാജരാക്കും. ഞായറാഴ്ച്ച വൈകിട്ട് നാലരയോടെയാണ് ബൈക്കിലെത്തിയ സംഘം ബിജുവിനെ കുത്തിക്കൊലപ്പെടുത്തിയത്.

Advertisement
Advertisement