5 മടങ്ങ് ലാഭക്കുതിപ്പുമായി ഐ.ആർ.സി.ടി.സി

Tuesday 02 November 2021 3:52 AM IST

കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തെ (2021-22) രണ്ടാംപാദമായ ജൂലായ്-സെപ്‌തംബറിൽ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐ.ആർ.സി.ടി.സി) രേഖപ്പെടുത്തിയത് അഞ്ച് മടങ്ങ് വളർച്ചയോടെ 158.6 കോടി രൂപയുടെ അറ്റലാഭം. 2020ലെ സമാനപാദത്തിലെ 32.6 കോടി രൂപയേക്കാൾ 386 ശതമാനം അധികമാണിത്.

നടപ്പുവർഷത്തെ ആദ്യപാദത്തിലെ (ഏപ്രിൽ-ജൂൺ) 82.52 കോടി രൂപയേക്കാൾ ഇരട്ടിയോളം ലാഭമാണ് രണ്ടാംപാദത്തിൽ കുറിച്ചത്. നടപ്പുവർഷം ആദ്യപാതിയിലെ (ഏപ്രിൽ-സെപ്‌തംബർ) ലാഭം 80 കോടി രൂപയിൽ നിന്നുയർന്ന് 241 കോടി രൂപയിലുമെത്തി.

₹158.6 കോടി

നടപ്പുവർഷം സെപ്‌തംബർപാദത്തിൽ ഐ.ആർ.സി.ടി.സിയുടെ ലാഭം. 2020ലെ സമാനപാദ ലാഭം 32.6 കോടി രൂപയായിരുന്നു.

₹421 കോടി

നടപ്പുവർഷം രണ്ടാംപാദ വരുമാനം 109 കോടി രൂപയിൽ നിന്നുയർന്ന് 421 കോടി രൂപയായി. ടിക്കറ്റ് വരുമാനം ജൂൺപാദത്തിലെ 150 കോടി രൂപയിൽ നിന്ന് 265 കോടി രൂപയായി മെച്ചപ്പെട്ടു.

₹71.4 കോടി

കാറ്ററിംഗ് വരുമാനം 2020 സെപ്തംബർപാദത്തിലെ 9.2 കോടി രൂപയിൽ നിന്ന് കുതിച്ചത് 71.4 കോടി രൂപയിലേക്ക്.

ടിക്കറ്റ് വഴി നേട്ടം

ലാഭ, വരുമാനക്കുതിപ്പിന് ചൂളംവിളിച്ചത് ടിക്കറ്റ് വില്പനയിലെ വർദ്ധനയാണ്. കൊവിഡിന് മുമ്പ് പ്രതിദിനം ശരാശരി ഏഴുലക്ഷം ടിക്കറ്റുകൾ വിറ്റിരുന്നത് ഇപ്പോൾ 13 ലക്ഷമായി. അൺറിസർവ്ഡ് ടിക്കറ്റ് വില്പന നിറുത്തിയതാണ് ഈ വർദ്ധനയ്ക്ക് കാരണം. സ്‌റ്റേഷൻ കൗണ്ടറിലെ ടിക്കറ്റ് വില്പനയ്ക്ക് നിയന്ത്രണമുണ്ടായതും ഐ.ആർ.സി.ടി.സി വഴിയുള്ള ഓൺലൈൻ ടിക്കറ്റ് വില്പന വർദ്ധിക്കാനിടയാക്കി.

Advertisement
Advertisement