പുതിയ കുതിപ്പുമായി ജി.എസ്.ടി വരുമാനം

Tuesday 02 November 2021 3:28 AM IST

 ഒക്‌ടോബറിൽ സമാഹരണം ₹1.30 ലക്ഷം കോടി

കൊച്ചി: ആഭ്യന്തര സമ്പദ്‌വ്യവസ്ഥ അതിവേഗം കരകയറുന്നുവെന്ന സൂചന ശക്തമാക്കി ഒക്‌ടോബറിൽ ജി.എസ്.ടി വരുമാനം 1.30 ലക്ഷം കോടി രൂപ കവിഞ്ഞു. 1,30,127 കോടി രൂപയാണ് കഴിഞ്ഞമാസം നേടിയത്. ജി.എസ്.ടി നടപ്പാക്കിയശേഷമുള്ള രണ്ടാമത്തെ വലിയ സമാഹരണമാണിത്. 2020 ഒക്‌ടോബറിലെ 1.05 ലക്ഷം കോടി രൂപയേക്കാൾ 24 ശതമാനവും 2019 ഒക്‌ടോബറിനേക്കാൾ 36 ശതമാനവും അധികമാണിത്.

സമാഹരണം 1.10 ലക്ഷം കോടി രൂപ കവിയുന്നത് തുടർച്ചയായ നാലാംമാസമാണ്. കഴിഞ്ഞമാസത്തെ സമാഹരണത്തിൽ 23,861 കോടി രൂപ കേന്ദ്ര ജി.എസ്.ടിയും 30,421 കോടി രൂപ സംസ്ഥാന ജി.എസ്.ടിയും 67,361 കോടി രൂപ സംയോജിത ജി.എസ്.ടിയുമാണ്. 8,484 കോടി രൂപ സെസായും ലഭിച്ചു.

സമാഹരണക്കുതിപ്പ്

ജി.എസ്.ടി പ്രാബല്യത്തിൽ വന്നശേഷമുള്ള രണ്ടാമത്തെ വലിയ സമാഹരണമാണ് കഴിഞ്ഞമാസത്തേത്. കഴിഞ്ഞ ഏപ്രിലിലെ 1.41 ലക്ഷം കോടി രൂപയാണ് എക്കാലത്തെയും റെക്കാഡ്.

നടപ്പുവർഷത്തെ സമാഹരണം ഇതുവരെ:

 ഏപ്രിൽ : ₹1.41 ലക്ഷം കോടി

 മേയ് : ₹1.02 ലക്ഷം കോടി

 ജൂൺ : ₹92,849 കോടി

 ജൂലായ് : ₹1.16 ലക്ഷം കോടി

 ആഗസ്‌റ്റ് : ₹1.12 ലക്ഷം കോടി

 സെപ്‌തംബർ : ₹1.17 ലക്ഷം കോടി

 ഒക്‌ടോബർ‌ : ₹1.30 ലക്ഷം കോടി

കേരളത്തിന് നേട്ടം 16%

കേരളം കഴിഞ്ഞമാസം 16 ശതമാനം വളർച്ചയോടെ 1,932 കോടി രൂപ ജി.എസ്.ടിയായി നേടി. 2020 ഒക്‌ടോബറിലെ സമാഹരണം 1,665 കോടി രൂപയായിരുന്നു. ആഗസ്‌റ്റിൽ 1,612 കോടി രൂപയും സെപ്‌തംബറിൽ 1,764 കോടി രൂപയും ലഭിച്ചിരുന്നു.

23 ശതമാനം വളർച്ചയോടെ 19,355 കോടി രൂപ സമാഹരിച്ച് മഹാരാഷ്‌ട്രയാണ് ഒന്നാമതുള്ളത്. ഗുജറാത്ത് (8,497 കോടി രൂപ), കർണാടക (8,259 കോടി രൂപ), തമിഴ്നാട് (7,642 കോടി രൂപ) എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്.

ചിപ്പിൽ തെന്നിയ റെക്കാഡ്

ചിപ്പ് ക്ഷാമം മൂലം വാഹന വിപണി നേരിട്ട നഷ്‌ടമില്ലായിരുന്നെങ്കിൽ കഴിഞ്ഞമാസത്തെ ജി.എസ്.ടി വരുമാനം പുതിയ ഉയരം കുറിക്കുമായിരുന്നുവെന്ന് ധനമന്ത്രാലയം അഭിപ്രായപ്പെട്ടു. ഇ-വേ ബില്ലുകളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. എസ്.എം.എസ് വഴിയുള്ള 'നിൽ ഫയലിംഗ്" ഉൾപ്പെടെയുള്ള സൗകര്യങ്ങളും കഴിഞ്ഞമാസം സമാഹരണം വർദ്ധിക്കാനിടയാക്കി.

Advertisement
Advertisement