'ഹൃദയത്തിൽ ഹൈബി ഈഡൻ' 6ന് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും

Wednesday 03 November 2021 12:41 AM IST

കൊച്ചി: എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ നിർദ്ധനരായ ഹൃദ്രോഗികൾക്ക് വേണ്ടി ഹൈബി ഈഡൻ എം.പി സംഘടിപ്പിക്കുന്ന 'ഹൃദയത്തിൽ ഹൈബി ഈഡൻ' പദ്ധതി നവംബർ 6ന് രാവിലെ 11ന് കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിയിൽ ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. പദ്ധതിയുടെ ഭാഗമായി 100 ആൻജിയോ പ്ലാസ്റ്റി സർജറികളാണ് സൗജന്യമായി ചെയ്യുന്നത്. ഒരു കോടിയിലധികം രൂപയാണ് പദ്ധതിയ്ക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.

ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി, കാരുണ്യ ഹൃദയാലയ, സൗഖ്യം ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. 4843503177 എന്ന നമ്പർ വഴിയും എം.പിയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജ് വഴിയും രജിസ്‌റ്റർ ചെയ്യാം.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകളിൽ നിന്ന് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക ഡോ.എം.ഐ ജുനൈദ് റഹ്മാന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡാണ്. ഇന്ദിരാഗാന്ധി ആശുപത്രിയിലാണ് ആൻജിയോപ്ലാസ്റ്റി സൗകര്യം ഏർപ്പെടുത്തുന്നത്. രാജ്യത്തെ ഒരു ജനപ്രതിനിധി നടപ്പാക്കുന്ന ഏറ്റവും വലിയ പദ്ധതിയാണ് ഇത്. 2019 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിലെ ടാഗ് ലൈനായ 'ഹൃദയത്തിൽ ഹൈബി ഈഡൻ' എന്ന പേര് തന്നെ പദ്ധതിയ്ക്ക് നൽകിയത് മണ്ഡലത്തിലെ ജനങ്ങളോടുള്ള നന്ദി അറിയിക്കലാണെന്നും ഹൈബി പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ ഹൈബി ഈഡൻ എം.പി അദ്ധ്യക്ഷത വഹിക്കും. എം.എൽ.എമാരായ ടി.ജെ. വിനോദ് , പി.ടി. തോമസ്, ജില്ലാ കളക്ടർ ജാഫർ മാലിക് തുടങ്ങിയവർ പങ്കെടുക്കും.

Advertisement
Advertisement