'സ്വർണക്കടത്തുകാരെ നിങ്ങൾ ഭീകരരെന്നു വിളിച്ചില്ലേ?'

Wednesday 03 November 2021 1:50 AM IST

കൊച്ചി: 'കേവലം സ്വർണക്കടത്തുകാരായ ഞങ്ങളെ ഭീകരരെന്ന് വിളിച്ചില്ലേ' എന്നാണ് സ്വർണക്കടത്തു കേസ് പ്രതികൾ വിലപിച്ചതെന്ന് വിധിന്യായത്തിന്റെ തുടക്കത്തിൽ ഹൈക്കോടതി രേഖപ്പെടുത്തി.

വിചാരണക്കോടതി സ്വപ്നയടക്കമുള്ള മുഖ്യപ്രതികൾക്ക് നേരത്തേ ജാമ്യം നിഷേധിച്ചത് അവർ സ്വർണക്കടത്തിനു മുൻനിരയിലുണ്ടായിരുന്നതായി വിലയിരുത്തിയാണ്. അതേസമയം സ്വർണക്കടത്തിനു പണം മുടക്കിയ കുറേ പ്രതികൾക്ക് ജാമ്യം നൽകുകയും ചെയ്തിരുന്നു. ഈ വിവേചനം ചൂണ്ടിക്കാട്ടിയാണ് സ്വപ്നയുൾപ്പെടെ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്.

സ്വർണക്കടത്തു കേസിലെ പ്രതികൾക്കെതിരെ ഭീകര പ്രവർത്തന നിരോധന നിയമത്തിലെ സെക്‌ഷൻ 15 പ്രകാരമുള്ള കുറ്റമാണ് പ്രധാനമായും ചുമത്തിയത്. രാജ്യത്തിന്റെ സാമ്പത്തികഭദ്രത തകർക്കുകയെന്ന ലക്ഷ്യത്തോടെ ഉന്നത നിലവാരമുള്ള കള്ളനോട്ടുകളും കള്ളനാണയങ്ങളും ഇതുമായി ബന്ധപ്പെട്ട വസ്തുക്കളും കള്ളക്കടത്തു നടത്തുന്നതും ഭീകരപ്രവർത്തനമാണെന്ന് സെക്‌ഷൻ 15 (1)(എ) (iiia) യിൽ പറയുന്നുണ്ട്. സ്വർണക്കടത്തു കേസിലെ പ്രതികൾക്ക് ഇതു ബാധകമാണെന്നായിരുന്നു എൻ.ഐ.എ വാദം. വ്യാജ കറൻസിയുമായി ബന്ധപ്പെട്ട മറ്റു സാധനങ്ങളാണിതെന്നും സ്വർണം ഇതിൽ ഉൾപ്പെടില്ലെന്നുമുള്ള പ്രതികളുടെ വാദം ഹൈക്കോടതി ശരിവച്ചു.

ഹൈക്കോടതിയുടെ നിരീക്ഷണം

 സാക്ഷി മൊഴികളുടെ സംഗ്രഹമുൾപ്പെടെ നോക്കിയെങ്കിലും ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്നതിന് തെളിവാകുന്നില്ല

 യു.എ.പി.എയിലെ സെക്‌ഷൻ 15 പ്രകാരം രാജ്യത്തിന്റെ സാമ്പത്തികസുരക്ഷ തകർക്കുന്ന തരത്തിൽ വ്യാജകറൻസിയോ നാണയങ്ങളോ കടത്തിയെന്നും പറയാനാവില്ല

 മറ്റേതെങ്കിലും തരത്തിൽ ഭീകരരുമായി ബന്ധമുണ്ടെന്ന് കുറ്റപത്രത്തിലോ മുഹമ്മദ് ഷാഫിയുടെ ജാമ്യാപേക്ഷ തള്ളിയ കോടതി വിധിയിലോയില്ല

 സ്വർണക്കടത്തിലൂടെ സമ്പാദിച്ച തുക ഭീകര പ്രവർത്തനങ്ങൾക്കുപയോഗിച്ചതായി രേഖകളിലോ ആരോപണങ്ങളിലോ കാണുന്നില്ല

 ജാമ്യ വ്യവസ്ഥ

25 ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവും, പാസ്‌പോർട്ട് വിചാരണക്കോടതിയിൽ ഹാജരാക്കണം, എൻ.ഐ.എ കോടതിയുടെ അനുമതിയില്ലാതെ കേരളം വിടരുത്, സാക്ഷികളെ സ്വാധീനിക്കാനോ തെളിവു നശിപ്പിക്കാനോ പാടില്ല തുടങ്ങിയവയാണ് ജാമ്യവ്യവസ്ഥകൾ.

Advertisement
Advertisement