ആർക്കൈവ്സ് രേഖയിൽ ഇതൾവിരിയുന്നു,​ ദൽഹി ദർബാറിന്റെ പൂർണചിത്രം

Wednesday 03 November 2021 12:36 AM IST

റീജിനിൽ ആർകൈവ്സിലെ 'സെലക്ടഡ് റിക്കോർഡ്‌സ് - 201

കോഴിക്കോട്: പണ്ടത്തെ മാനാഞ്ചിറ മൈതാനം... അവിടമാകെ നിറഞ്ഞ വിശാലമായ പന്തൽ... നഗരവീഥികളിലൂടനീളം തോരണങ്ങൾക്കിടയിൽ ബ്രിട്ടീഷ് ചക്രവർത്തി ജോർജ് അഞ്ചാമന്റെ ഛായാചിത്രങ്ങളുടെ നിര... 1911 ഡിസംബറിൽ പട്ടണത്തെ പ്രകമ്പനം കൊള്ളിച്ച ഘോഷയാത്രയ്ക്ക് പിറകെ അരങ്ങേറിയ ദൽഹി ദർബാറിന്റെ മുഴുനീള ചിത്രം തെളിയുകയാണ് ചരിത്രരേഖയിലൂടെ.

കോഴിക്കോട്ടെ റീജിനൽ ആർകൈവ്‌സിലെ 'സെലക്ടഡ് റിക്കോർഡ്‌സ് - 201" എന്ന ഫയലിലാണ് 110 വർഷം മുമ്പ് മാനാഞ്ചിറ മൈതാനം സാക്ഷ്യം വഹിച്ച ചരിത്രപ്രസിദ്ധമായ ദർബാറിന്റെ, മഹാസമ്മേളനത്തിന്റെ പൂർണവിവരങ്ങളുള്ളത്. മലബാർ ക്രിസ്ത്യൻ കോളേജ് ചരിത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസർ എം.സി.വസിഷ്ഠിന്റെ ഗവേഷണത്തിനിടയിൽ പഴക്കമേറിയ ഈ രേഖ കണ്ടെത്തുകയായിരുന്നു. നൂറ്റാണ്ടിനപ്പുറത്തെ കോഴിക്കോടിന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നുമുണ്ട് ഈ ഫയലിലെ താളുകൾ.

ബ്രിട്ടീഷ് ചക്രവർത്തി ജോർജ് അഞ്ചാമന്റെ ഇന്ത്യാ സന്ദർശനത്തോടനുബന്ധിച്ച് 1911 ഡിസംബർ 7 വ്യാഴാഴ്ച മുതൽ 12 ചൊവ്വാഴ്ച വരെ നീളുന്ന പരിപാടികളായിരുന്നു ദൽഹി ദർബാറിനായി ഒരുക്കിയത്.1911 ഡിസംബർ ഏഴിനായിരുന്നു നഗരത്തിലാകെ ഉത്സവാന്തരീക്ഷം പടർത്തിയ ഘോഷയാത്ര. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരെ അണിനിരത്തി, ജോർജ് അഞ്ചാമന്റെ ഛായാചിത്രവും വഹിച്ചുള്ള ഘോഷയാത്ര അക്ഷരാർത്ഥത്തിൽ നഗരത്തെ സ്തംഭിപ്പിക്കുകയായിരുന്നു. മാനാഞ്ചിറയിൽ നിന്ന് വൈകിട്ട് ആറു മണിയോടെ ആരംഭിച്ച ഘോഷയാത്ര തിരിച്ച് മാനാഞ്ചിറയിലെത്തുന്നത് രാത്രി 9 മണിയോടെയായിരുന്നു. .. .
കായികമത്സരങ്ങൾ നടന്നത് 1911 ഡിസംബർ 8 നാണ്. സാമൂതിരിനാട്ടിലെ പ്രധാന പൊതുഇടങ്ങളായ മാനാഞ്ചിറ മൈതാനവും വെസ്റ്റ്ഹിൽ മൈതാനവുമായിരുന്നു മത്സരവേദികൾ. 1911 ഡിസംബർ 12 നാണ് മലബാറിനെയകെ ഉണർത്തിയ മഹാദർബാ‌ർ. മദ്രാസ് പ്രസിഡൻസിയുടെ കീഴിൽ വരുന്ന ജില്ലാ ഭരണകൂടം ഈ മേഖലയിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികളിൽ ഏറ്റവും മുഖ്യം മാനാഞ്ചിറയിലെ ഡൽഹി ദർബാറായിരുന്നു. അയ്യായിരത്തോളം പേർക്ക് ഇരിപ്പിടസൗകര്യമൊരുക്കിയാണ് പടുകൂറ്റൻ പന്തൽ കെട്ടി ഉയർത്തിയത്. വേദിയിൽ ബ്രിട്ടീഷ് ഉന്നതോദ്യോഗസ്ഥർ. സദസ്സിൽ മുന്നിലായി ഇരുന്നത് നാട്ടിലെ പ്രമാണിമാരാണ്. പിറകിലേക്കായി കോഴിക്കോട് നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും വിദ്യാർത്ഥികളും.

ജോർജ് അഞ്ചാമനെയും സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തെയും പ്രകീർത്തിക്കുന്നതായിരുന്നു ദർബാറിൽ വായിച്ച മംഗളപത്രം. നഗരം അന്നോളം കാണാത്ത, കേൾക്കാത്ത അതിഗംഭീര വെടിക്കെട്ടോടെയാണ് ചടങ്ങുകൾ സമാപിച്ചത്.

 അധീശത്വം

ഉറപ്പിക്കാൻ

ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധീശത്വം ഉറപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു ദർബാർ. മലബാറിന്റെ ആസ്ഥാനനഗരിയി സംഘടിപ്പിച്ച ദൽഹി ദർബാറിന്റെ ഏറ്റവും വലിയ സവിശേഷത പലയിടങ്ങളിൽ നിന്നായി എത്തിച്ച സ്‌കൂൾ വിദ്യാർത്ഥികളുടെ സാന്നിദ്ധ്യം തന്നെ. ബ്രിട്ടന്റെ മേധാവിത്വം പുതിയ തലമുറയുടെ മനസ്സിൽ ഉറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്.

കോഴിക്കോട് നഗരമാകെ അന്ന് ദീപാലങ്കാരത്തിൽ മുങ്ങിക്കുളിച്ചു. നഗരത്തിലെ വീടുകളും പ്രധാന സർക്കാർ കെട്ടിടങ്ങളുമെല്ലാം അലങ്കരിച്ചിരുന്നു. കോഴിക്കോട്ട് ഭരണകൂടത്തിന്റേതായി ഇത്രയധികം ആളുകൾ കൂടിയ മഹാസമ്മേളനം മുമ്പുണ്ടായിട്ടില്ലെന്ന് രേഖ സാക്ഷ്യപ്പെടുത്തുന്നു.

Advertisement
Advertisement