ബസുകൾ പായുന്നത് കുട്ടികളെ കുത്തിനിറച്ച്, കാണുന്നുണ്ടോ ഈ കാഴ്ച ?

Wednesday 03 November 2021 12:00 AM IST

കോഴിക്കോട്: സ്‌കൂൾ തുറക്കാനെടുത്ത ഒരുക്കങ്ങളെല്ലാം ഒറ്റദിവസം കൊണ്ട് ഒലിച്ചുപോയി, നഗരത്തിലെ നിരത്തിൽ ഇപ്പോഴും പഴയ കാഴ്ച. കൊവിഡ് പ്രോട്ടോക്കോൾ കാറ്റിൽപ്പറത്തി ബസുകൾ കുട്ടികളെ കുത്തി നിറച്ച് ഓടുമ്പോൾ കാഴ്ചക്കാരാവുകയാണ് പൊലീസ്. വീട്ടിലെത്താനുള്ള ധൃതിയിൽ കുട്ടികൾ ഇടിച്ച് കയറുന്നതിന് ബസ്സുകാർ എന്ത് പിഴച്ചുവെന്ന മട്ടിലാണ് പൊലീസുകാർ. നഗരത്തിലെ പ്രധാന സ്‌കൂൾ പരിസരത്തെല്ലാം പൊലീസുണ്ട്. എന്നാൽ ഇക്കാര്യത്തിൽ പൊലീസിനേക്കാൾ കൂടുതൽ ചെയ്യേണ്ടത് സ്‌കൂൾ അധികൃതരും രക്ഷിതാക്കളുമാണെന്ന നിലപാടിലാണ് പൊലീസ്. സർക്കാർ സ്‌കൂൾ അധികൃതർക്കും പി.ടി.എ കമ്മിറ്റികൾക്കും വ്യക്തമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും അത് പാലിക്കപ്പെടുന്നുണ്ടോയെന്ന് നോക്കേണ്ടത് അവരുടെ കൂടി കടമയാണെന്നും സിറ്റി ട്രാഫിക് അസി.കമ്മിഷണർ പി.കെ.രാജു പറഞ്ഞു.
യാത്രാ സൗകര്യമൊരുക്കുമെന്ന് സർക്കാരും വിദ്യാർത്ഥികൾക്ക് മാത്രമായി ബസ് നിരത്തിലിറക്കുമെന്ന് കെ.എസ്.ആർ.ടി.സിയും ഉറപ്പുനൽകിയെങ്കിലും കുട്ടികളുടെ യാത്ര സ്വകാര്യ ബസിൽ കുത്തിനിറച്ചു തന്നെ. സ്കൂളിലെത്തുന്ന കുട്ടികളുടെ എണ്ണം കുറയ്ക്കാൻ ഷിഫ്റ്റ് സമ്പ്രദായത്തിലാണ് ക്ലാസ് തുടങ്ങിയത്. എന്നാൽ സ്കൂളിന് പുറത്ത് സംവിധാനം പാളുകയാണ്. ഒരേ സമയം പല വിദ്യാലയങ്ങളിലെ കുട്ടികൾ ഒരു സ്റ്റോപ്പിൽ ബസ് കയറാനെത്തുന്നതോടെ തിരക്ക് കൂടുകയാണ്. മാനാഞ്ചിറ സ്‌ക്വയറിന് സമീപത്തെ രണ്ട് ബസ്‌സ്റ്റോപ്പുകൾ, നടക്കാവ്, മെഡിക്കൽകോളജ് പരിസരം, വെസ്റ്റ്ഹിൽ, എം.സി.സി ബാങ്ക് സ്റ്റോപ്പ്, കല്ലായി, കാരപ്പറമ്പ് ഭാഗങ്ങളിലെല്ലാം ഇതാണ് സ്ഥിതി. തിരക്കിനിടെ അഴിഞ്ഞുവീഴുന്ന മാസ്ക് ഉപേക്ഷിച്ചാണ് പല കുട്ടികളും ബസുകളിൽ കയറിപറ്റുന്നത്. നഗരത്തിൽ മാത്രമല്ല ഉൾപ്രദേശങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. കൊയിലാണ്ടി, പേരാമ്പ്ര, വടകര, മുക്കം, ബാലുശ്ശേരി, അത്തോളി, കുറ്റ്യാടി റൂട്ടുകളിലെല്ലാം കുട്ടികളുടെ മൽപ്പിടുത്തമാണ് ബസുകളിൽ നടക്കുന്നത്. സ്‌കൂൾ ബസുകൾ പലതും ഓടാത്തതും ഓട്ടോകൾക്കും ടാക്‌സികൾക്കും വലിയ തുക നൽകാൻ കഴിയാത്തതുമാണ് കുട്ടികളെ ബസുകളിൽ അയക്കാൻ രക്ഷിതാക്കൾ നിർബന്ധിതരാകുന്നത്.

ഓട്ടോകളിലും 'ഇടി ' തുടങ്ങി

കർശന നിയന്ത്രണമുണ്ടായിട്ടും ചില ഓട്ടോകൾ കുട്ടികളെ കുത്തിനിറച്ചാണ് സ്കൂളിലെത്തുന്നത്. വ്യത്യസ്ത കുടുംബങ്ങളിൽ നിന്നാണെങ്കിൽ കൂടിയാൽ മൂന്നുപേർ, ഒരേകുടുംബത്തിൽ നിന്നാണെങ്കിൽ നാലുപേർക്കുമാണ് അനുമതി. എന്നാൽ ഏഴ് കുട്ടികളെവരെ കൊണ്ടുവരുന്ന ഓട്ടോകളുണ്ട്. ഇവർ പൊലീസിന്റെ കണ്ണുവെട്ടിച്ച് സ്‌കൂൾ പരിസരത്ത് നിന്ന് മാറിയാണ് കുട്ടികളെ കയറ്റുന്നത്. കുട്ടികൾ നടന്നുപോവുകയാണെന്ന് പറഞ്ഞ് ദൂരെ മാറിയുള്ള ഓട്ടോകളിൽ കയറുന്നതിനാൽ സ്‌കൂൾ അധികൃതർ അറിയുന്നുമില്ല. ഞങ്ങൾക്കും ജീവിക്കേണ്ടേ, ഒന്നും രണ്ടും കുട്ടികളുമായി എങ്ങിനെയാണ് സർവീസ് നടത്തുകയെന്നാണ് ഇക്കാര്യത്തിൽ ഓട്ടോക്കാരുടെ പ്രതികരണം.

Advertisement
Advertisement