മലയോരത്ത് കലിതുള്ളി മഴ തൊട്ടിൽപാലം - വയനാട് റോഡിൽ യാത്രയ്‌‌ക്ക് നിയന്ത്രണം

Wednesday 03 November 2021 12:56 AM IST

 ജില്ലയിൽ ഓറഞ്ച് അലേർട്ട്

കോഴിക്കോട്: ജില്ലയിലെ മലയോര മേഖലകളിൽ നിലയ്ക്കാത്ത മഴയ്ക്കിടെ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായതിനു പിറകെ തൊട്ടിൽപാലം - വയനാട് റോഡിലൂടെ അടിയന്തരാവശ്യങ്ങൾക്കല്ലാത്ത യാത്രകൾ നിരോധിച്ച് ജില്ലാ കളക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി ഉത്തരവിറക്കി. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന്റെ ഭാഗമായി ദുരന്തനിവാരണനിയമം സെക്ഷൻ 36 പ്രകാരമാണ് ഉത്തരവ്. പല സ്ഥലങ്ങളിലും ടാറിംഗ് പൊട്ടിപ്പൊളിഞ്ഞതിനു പുറമെ വലിയ പാറക്കല്ലുകളും മറ്റും എതു നിമിഷവും റോഡിലേക്ക് വീഴാനിടയുണ്ടെന്നതും കണക്കിലെടുത്താണ് കർശനനിയന്ത്രണം. അതിനിടെ, ജില്ലയിൽ നവംബർ നാലു വരെ
അതിശക്തമായ മഴ മുന്നറിയിപ്പുമായി ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്.

അടിയന്തര സാഹചര്യം നേരിടാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മലയോര മേഖലകളിലേക്കും പ്രത്യേകിച്ച് ചുരത്തിലേക്കുമുള്ള യാത്രകളും രാത്രിയാത്രകളും പരമാവധി ഒഴിവാക്കുകയും ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യണമെന്നും കളക്ടർ ഓർമ്മിപ്പിച്ചു.

ഇന്നലെ വൈകിട്ടുണ്ടായ കനത്ത മഴയിൽ താമരശ്ശേരി താലൂക്കിൽ അടിവാരം പൊട്ടിക്കൈ ഭാഗത്ത് വീടുകളിൽ വെള്ളം കയറി. പുഴയിൽ നിന്ന് സമീപത്തെ വീടുകളിലേക്ക് വെള്ളം കയറുകയായിരുന്നു. മഴ ശമിച്ചതോടെ അര മണിക്കൂറിനുള്ളിൽ വെള്ളമിറങ്ങുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷക്കുട്ടി സുൽത്താൻ, തഹസിൽദാർ സി.സുബൈർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. നിലവിൽ ആരെയും മാറ്റി പാർപ്പിക്കേണ്ട സാഹചര്യമില്ല.

കനത്ത മഴയിൽ കുറ്റ്യാടി ചുരത്തിൽ വ്യാപക മണ്ണിടിച്ചിലായിരുന്നു. പത്ത് കുടുംബങ്ങളെ ചാത്തൻകോട്ട് നട സ്‌കൂളിലും പൂതംപാറ സ്‌കൂളിലുമായി മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെന്ന് കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് പി.ജി. ജോർജ്ജ് പറഞ്ഞു.

Advertisement
Advertisement