കുടുംബശ്രീയുടെ മുഖശ്രീ കൂട്ടാൻ 'ഓക്സിലറി' ഗ്രൂപ്പുകൾ

Wednesday 03 November 2021 12:00 AM IST

കൊല്ലം: കുടുംബശ്രീ പദ്ധതികളുടെ ഗുണഫലം അംഗങ്ങളല്ലാത്ത വലിയ വിഭാഗം യുവതികൾക്ക് ലഭ്യമാക്കാനും വിഭവശേഷി സമൂഹനന്മയ്ക്ക് പ്രയോജനപ്പെടുത്താനുമായി ഓക്സിലറി ഗ്രൂപ്പുകളുടെ രൂപീകരണം സജീവമാകുന്നു. നിലവിൽ കുടുംബശ്രീയിൽ ഒരു കുടുംബത്തിൽ നിന്നു ഒരാൾക്കാണ് അംഗത്വം ലഭിക്കുന്നത്. അയൽക്കൂട്ടത്തിൽ അംഗമല്ലാത്ത യുവതികളെയും പലവിധ കാരണങ്ങളാൽ കുടുംബശ്രീയിൽ അംഗത്വമില്ലാത്തവരെയും ഓക്‌സിലറി ഗ്രൂപ്പുകളിൽ പങ്കാളികളാക്കും.18നും 40നും മദ്ധ്യേ പ്രായമുള്ള വനിതകൾ ഉൾപ്പെടുന്ന ഒരു ഗ്രൂപ്പിൽ പരമാവധി 50 പേർക്ക് അംഗങ്ങളാകാം.

കൂടുതൽ പേർ വന്നാൽ പുതിയ ഗ്രൂപ്പ് രൂപീകരിക്കേണ്ടി വരും. ടീം ലീഡർ, ഫിനാൻസ് കോ ഓർഡിനേഷൻ, സാമൂഹിക വികസനം, ഉപജീവനം എന്നീ നാല് ടീം അംഗങ്ങൾ കൂടി ഭാരവാഹികളാവും. ഒരു വാർഡിൽ ഒന്ന് എന്ന കണക്കിൽ കൊല്ലം ജില്ലയിൽ 1419 ഗ്രൂപ്പുകളാവും രൂപീകരിക്കുക. ഇന്നലെ വരെ 910 ഗ്രൂപ്പുകളായി. രണ്ടാം ഘട്ടത്തിൽ എല്ലാ ഗ്രൂപ്പുകൾക്കും പ്രവർത്തന ഫണ്ട് ലഭിക്കും.

 വഴി തെളിയുന്നു

അഭ്യസ്തവിദ്യരായ യുവതികളുടെ നൈപുണ്യങ്ങൾ ഫലപ്രദമായി ഉപയോഗിച്ച് സമ്പദ്ഘടനയെ ശക്തിപ്പെടുത്തുകയാണ് ഓക്സിലറി ഗ്രൂപ്പ് രൂപീകരണത്തിന്റെ ലക്ഷ്യം. കുടുംബശ്രീ സംവിധാനത്തിൽ അംഗങ്ങളല്ലാത്തതും വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായ യുവതികളുടെ സാമൂഹ്യപരവും തൊഴിൽപരവുമായ നൈപുണ്യങ്ങൾ വികസിപ്പിക്കാനുള്ള അവസരമില്ലായ്മ മറികടക്കാൻ ഓക്സിലറി ഗ്രൂപ്പുകളുടെ രൂപീകരണം സഹായിക്കും.

 ഗ്രൂപ്പ് രൂപീകരണം

കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകളുടെ രൂപീകരണവും ഗ്രൂപ്പ് അംഗങ്ങളുടെ സ്വീകരണോത്സവവും ഇന്നലെ എല്ലാ വാർഡുകളിലും നടന്നു. ജനപ്രതിനിധകൾ ഉൾപ്പെടെ പങ്കെടുത്തു. പനയം പഞ്ചായത്തിൽ നടന്ന യോഗം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാം കെ.ഡാനിയൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജശേഖരൻ അദ്ധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ വി.ആർ. അജു പദ്ധതി വിശദീകരണം നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി രമേശൻ, അംഗങ്ങളായ ജയശ്രീ മധുലാൽ, പ്രിയശ്രീ, ബ്ലോക്ക് കോ-ഓർഡിനേറ്റർ ഷെമീന ബീവി, ജില്ലാ പ്രോഗ്രാം മാനേജർ ബീന, സി.ഡി.എസ് ചെയർപേഴ്സൺ കെ. രമണി തുടങ്ങിയവർ പങ്കെടുത്തു

Advertisement
Advertisement