ഖേൽരത്നയി​ൽ കേരള ശ്രീ

Wednesday 03 November 2021 12:45 AM IST

ദേശീയ കായി​ക പുരസ്കാര പ്രഭയി​ൽ നാലു മലയാളി​കൾ

തി​രുവനന്തപുരം : ദേശീയ കായി​ക പുരസ്കാര പ്രഖ്യാപനം കേരളത്തി​ന് പകർന്നത് അതി​രി​ല്ലാത്ത സന്തോഷം. 18 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരുമലയാളി താരത്തെത്തേടി ഖേൽരത്ന പുരസ്കാരമെത്തുന്നത്. അത്‌ലറ്റുകളായ കെ.എം ബീനമോൾക്കും അഞ്ജു ബോബി ജോർജിനും ശേഷം ഖേൽരത്ന നേടുന്ന മലയാളിയായ ശ്രീജേഷ് ഒളിമ്പിക് മെഡൽ നേടുന്ന രണ്ടാമത്തെ മലയാളിയായി ചരിത്രം കുറിച്ചതിന് പിന്നാലെയാണ് രാജ്യത്തിന്റെ പരമോന്നത കായിക പുരസ്കാരവും സ്വന്തമാക്കുന്നത്.

പലതവണ വഴുതി,

ഒടുവിൽ ഒൗസേപ്പിന് കിട്ടി

പല തവണ വഴുതിപ്പോയ പുരസ്കാരമാണ് ജമ്പിംഗ് കോച്ച് ടി.പി ഒൗസേപ്പിനെത്തേടി ഇപ്പോൾ എത്തിയിരിക്കുന്നത്. അഞ്ജു ബോബി ജോർജിനെയും ബോബി അലോഷ്യസിനെയും പോലെ നിരവധി ജമ്പിംഗ് താരങ്ങളെ കൗമാരദശയിൽ വളർത്തിയെടുത്തതിൽ ഒൗസേപ്പിന് വ്യക്തമായ പങ്കുണ്ടായിരുന്നു. എന്നാൽ ദേശീയ പുരസ്കാരത്തിന് ഇതിന് മുമ്പ് പലതവണ പരിഗണിക്കപ്പെട്ടപ്പോഴും തഴഞ്ഞു. ഇപ്പോഴും പരിശീലന രംഗത്ത് സജീവമായ ഇദ്ദേഹത്തെ അത്‌ലറ്റിക്സ് ഫെഡറേഷൻ പുരസ്കാരത്തിന് ശുപാർശ ചെയ്യാത്തതിനാൽ സ്വയം അപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞ വർഷം കേരളകൗമുദി കായിക പുരസ്കാരത്തിനായി ടി.പി ഒൗസേപ്പിനെ തിരഞ്ഞെടുത്തിരുന്നു.

അഭിമാനപൂർവ്വം രാധാകൃഷ്ണൻ

സമഗ്രസംഭാവനയ്ക്ക് ടി.പി.ഒൗസേപ്പ് ദ്രോണാചാര്യയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ റഗുലർ പരിശീലകരിൽ രാധാകൃഷ്ണൻ നായർക്കാണ് നറുക്ക് വീണത്. ടോക്യോ ഒളിമ്പിക്സ് അത്‌ലറ്റിക് ടീമിന്റെ ചീഫ് കോച്ചായിരുന്നു രാധാകൃഷ്ണൻ നായർ. ഇന്ത്യൻ അത്‌ലറ്റിക് ടീമിന്റെ ചീഫ് കോച്ച് സ്ഥാനത്തെ ഉത്തരേന്ത്യൻ കുത്തക അവസാനിപ്പിച്ചത് ഈ ചേർത്തലക്കാരനാണ്.മുമ്പ് ഇദ്ദേഹത്തെ ദ്രോണാചാര്യയ്ക്കായി പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം വഴിമാറി.

സുവർണ ലേഖ

ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഏക മലയാളി വനിതയാണ് സമഗ്രസംഭാവനയ്ക്കുള്ള ധ്യാൻചന്ദ് പുരസ്കാരം ലഭിച്ച കെ.സി ലേഖ. 2006ൽ ന്യൂഡൽഹിയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയാണ് ഈ കണ്ണൂരുകാരി കേരളത്തിന്റെ മേരികോമായത്.കൊല്ലം സായ് സെന്ററിൽ പരിശീലനം നേടിയ ലേഖ 2001 മുതൽ തുടർച്ചയായ ആറുവർഷം ദേശീയ ചാമ്പ്യനുമായിരുന്നു. 2005ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണവും 2008ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളിയും നേടിയിട്ടുണ്ട്.

Advertisement
Advertisement