ഇന്ധന  നികുതി  കുറ‌യ്‌ക്കേണ്ടെന്ന് സിപിഎം, പിണറായി സർക്കാർ അധികാരമേറ്റ ശേഷം ഇതുവരെ സംസ്ഥാനം നികുതി വർദ്ധിപ്പിച്ചിട്ടില്ലെന്ന് ന്യായം

Thursday 04 November 2021 3:40 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ധന നികുതി കുറ‌യ്‌ക്കേണ്ടെന്ന് സിപിഎം. ഇന്ന് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കേന്ദ്രം നികുതി കുറച്ചതിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങൾ വില കുറച്ചിരുന്നു. എന്നാൽ ഒന്നാം പിണറായി സർക്കാർ അധികാരമേറ്റ ശേഷം ഇതുവരെ സംസ്ഥാനം നികുതി വർദ്ധിപ്പിച്ചിട്ടില്ലെന്ന ന്യായവാദത്തിൽ തന്നെയാണ് സിപിഎമ്മും നിൽക്കുന്നത്. ഇപ്പോഴത്തെ സംസ്ഥാനത്തിന്റെ സാഹചര്യം വിശദീകരിക്കാനും നിലപാട് ജനത്തെ ബോധ്യപ്പെടുത്താനുമായി ധനമന്ത്രി കെ എൻ ബാലഗോപാലിനെ പാർട്ടി സംസ്ഥാന കമ്മിറ്റി യോഗം ചുമതലപ്പെടുത്തി.

കുറച്ച് മാസങ്ങൾകൊണ്ട് 30 രൂപയാണ് കേന്ദ്രം വർദ്ധിപ്പിച്ചത്. പ്രത്യേക രീതിയിലാണ് കേന്ദ്രം നികുതി കൂട്ടിയതെന്നും ഇപ്പോൾ കുറച്ചത് തുച്ഛമായ തുക മാത്രം. പോക്കറ്റടിച്ച് വണ്ടിക്കൂലിക്ക് കാശ് നൽകുന്ന രീതിയാണ് കേന്ദ്രത്തിന്റേതെന്നും ധനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇന്ധന നികുതിയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് സംസ്ഥാനം പെൻഷനും ശമ്പളവുമടക്കമുള്ള ചെലവുകൾക്ക് പണം കണ്ടെത്തുന്നത്. കൊവിഡിന്റെ അടക്കം വലിയ ബാധ്യത സംസ്ഥാനത്തിന് ഉണ്ടെന്നതാണ് സംസ്ഥാന സർക്കാരും പാർട്ടിയും ഇന്ധന വില കുറയ്ക്കാതിരിക്കാൻ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ തുടർന്ന് തന്നെ സംസ്ഥാനത്ത് ഇപ്പോൾ വില കുറഞ്ഞിട്ടുണ്ട്. മുഖം മിനുക്കാനുള്ള പരിപാടിയാണ് ഇപ്പോൾ കേന്ദ്രത്തിന്റേതെന്നും മന്ത്രി പറഞ്ഞു.

Advertisement
Advertisement