ആങ്ങമൂഴിയിൽ പുലി കെണിയിൽ കുടുങ്ങി
പത്തനംതിട്ട : സീതത്തോട് ആങ്ങമൂഴി മേഖലയിൽ നാട്ടിലിറങ്ങിയ പുലി വനപാലകർ സ്ഥാപിച്ച കെണിയിലകപ്പെട്ടു. രണ്ട് വയസുളള പെൺപുലിയാണ് കുടുങ്ങിയത്. പുലിയുടെ സ്ഥിരം സാന്നിദ്ധ്യം ശ്രദ്ധയിൽ പെട്ടതോടെയാണ് അളിയൻമുക്ക് പ്രദേശത്ത് കൂട് വച്ചത്. ഒരാഴ്ച മുമ്പാണ് പുലിയെ സ്ഥിരമായി കാണാറുളള സ്ഥലത്ത് കൂട് സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം രാത്രി കൂട്ടിലകപ്പെട്ട പുലിയെ ഇന്നലെ രാവിലെ കോന്നിയിൽ നിന്ന് വെറ്ററിനറി ഡോക്ടറെത്തി പരിശോധിച്ചു. ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ വനം വകുപ്പുദ്യോഗസ്ഥരെത്തി ഗവി വനമേഖലയിൽ തുറന്നുവിട്ടു.
മാസങ്ങളായി ആങ്ങമൂഴി മേഖലയിൽ ജനവാസ മേഖലകളിൽ ഭീതിപരത്തിയ വന്യമൃഗമാണ് കെണിയിൽ വീണതെന്ന് കരുതുന്നു. എട്ടോളം വളർത്തു നായകളെയും വളർത്തുമൃഗങ്ങളെയും പുലി ആക്രമിച്ചിരുന്നു. പുലിയെ പേടിച്ച് സന്ധ്യകഴിഞ്ഞ് ജനങ്ങൾ വീടിനുള്ളിൽ തന്നെ കഴിയുകയായിരുന്നു. ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന ആങ്ങമൂഴി മേഖലയിൽ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. സ്ഥിരം നാട്ടിലിറങ്ങുന്ന കാട്ടാനയാണ് മറ്റൊരു ആശങ്ക.