ബസ് ഓടിയില്ല ; ജനം വലഞ്ഞു

Saturday 06 November 2021 12:41 AM IST
ട്രാൻ.ബസ് പണിമുടക്കിനെ തുടർന്ന് തിരക്കേറിയ പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ ബസിലേക്ക് യാത്രക്കാർ തളളിക്കയറുന്നു

പത്തനംതിട്ട : കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സമരത്തെ തുടർന്ന് യാത്രക്കാർ വലഞ്ഞു. ദീർഘ ദൂര സർവീസുകൾ ഉൾപ്പെടെ മുഴുവൻ സർവീസുകളും മുടങ്ങി. അത്യാവശ്യ സേവനങ്ങളെല്ലാം തടസപ്പെട്ടു. വ്യാഴാഴ്ച രാത്രി 12 ന് ആണ് സമരം തുടങ്ങിയത്. ഐ.എൻ.ടി.യു.സി അടക്കമുള്ള പ്രതിപക്ഷ യൂണിയനുകൾ 48 മണിക്കൂർ സമരമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ സി.ഐ.ടി.യു ,എ.ഐ.ടി.യു.സി, ബി.എം.എസ് യൂണിയനുകൾ 24 മണിക്കൂർ സമരവുമാണ് നടത്തുന്നത്. യൂണിയനുകൾ സംയുക്തമായി പണിമുടക്കിയതോടെ പൊതുഗതാഗതം നിശ്ചലമായി.

പത്തു വർഷം മുമ്പ് നടപ്പാക്കിയ ശമ്പള വർദ്ധനയ്ക്കു ശേഷം കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കുന്നതിനായി സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് യൂണിയനുകൾ ആരോപിച്ചു.

പത്തനംതിട്ടയിൽ സി.ഐ.ടി.യു നേതൃത്വത്തിൽ നടന്ന പ്രതിഷേധം സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് എം. വി. സഞ്ജു ഉദ്ഘാടനം ചെയ്തു. എ. ഗോകുലേന്ദ്രൻ, വി. ഗിരീഷ്‌കുമാർ, ആർ.അജി ,വി. ആർ. സന്തോഷ് എന്നിവർ സംസാരിച്ചു. ഐ.എൻ.ടി.യു.സി നടത്തിയ പ്രതിഷേധ സമരം നഗരസഭ പ്രതിപക്ഷ നേതാവ് കെ. ജാസിംകുട്ടി ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എസ്.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് വി. ജി. പ്രദീപ്, സെക്രട്ടറി എം.വിനോദ്, പി. കെ. ഗോപിഎന്നിവർ സംസാരിച്ചു.

ബി.എം.എസ് നടത്തിയ പ്രതിഷേധം ജില്ലാ സെക്രട്ടറി എം.കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ ആർ.വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.എൽ.യമുനാദേവി, യൂണിറ്റ് സെക്രട്ടറി ജി. മനോജ്, കെ.ആർ രാജേഷ് എന്നിവർ പങ്കെടുത്തു.

തൊഴിലാളി യൂണിയനുകളുടെ പണിമുടക്ക് കോന്നി ഡിപ്പോയിലെ എല്ലാ സർവീസുകളെയും ബാധിച്ചു.