പത്തനംതിട്ട ദൂരദർശൻ റിലേകേന്ദ്രം നിറുത്തലാക്കി, ഇനി ആസ്വദിക്കാം ആകാശവാണി എഫ്.എം

Saturday 06 November 2021 12:45 AM IST

പത്തനംതിട്ട: പത്തനംതിട്ട മണ്ണാറമല ദൂരദർശൻ റിലേ കേന്ദ്രം പ്രവർത്തനം നിറുത്തലാക്കി. സംസ്ഥാനത്തെ 11 ദൂരദർശൻ കേന്ദ്രങ്ങൾ മൂന്ന് ഘട്ടമായി അടുത്ത മാർച്ചിന് മുൻപ് പ്രവർത്തനം നിറുത്തും. ആദ്യഘട്ടത്തിൽ ഉൾപ്പെട്ടതാണ് പത്തനംതിട്ടയിലെ കേന്ദ്രം. ഇനി ഏതാനും ദിവസങ്ങൾക്കുള്ളിൽ ഈ നിലയത്തിൽ നിന്ന് ആകാശവാണി എഫ്.എം പരിപാടികൾ റേഡിയോയിൽ കേൾക്കാം. പത്തനംതിട്ടയിലെ ഏറ്റവും ഉയരം കൂടിയ മലയായ മണ്ണാറമലയിൽ 32 വർഷമായി പ്രവർത്തിച്ചിരുന്ന ദൂരദർശൻ റിലേ കേന്ദ്രം ഈ മാസം ഒന്നുമുതലാണ് പ്രവർത്തനം നിറുത്തിയത്. ദൂർദർശൻ ഡൽഹി, തിരുവനന്തപുരം നിലയങ്ങളിൽ നിന്നുള്ള മലയാളം പരിപാടികളാണ് പത്തനംതിട്ട കേന്ദ്രം വഴി സംപ്രേഷണം ചെയ്തിരുന്നത്. ഡിജിറ്റൽ യുഗത്തിൽ, ആന്റിന വഴിയുള്ള ഭൂതല സംപ്രേഷണങ്ങൾ കാലഹരണപ്പെട്ടതിനാലാണ് നിറുത്തലാക്കുന്നത്.

ആകാശവാണി എഫ്.എം നിലയമായി മാറുന്ന മണ്ണാറമല കേന്ദ്രത്തിലേക്ക് ഡിജിറ്റൽ ട്രാൻസ്മിറ്റർ ഉപകരണങ്ങൾ ഉടനെത്തും. ട്രാൻസ്മിറ്ററുകൾ സ്ഥാപിച്ച ശേഷം സാങ്കേതിക പരിശോധന പൂർത്തിയായാൽ രണ്ട് ദിവസത്തിനുള്ളിൽ എഫ്.എം റേഡിയോ സംപ്രേഷണം തുടങ്ങാനാകും. കേന്ദ്രത്തിൽ നിന്ന് 15കിലോമീറ്റർ ചുറ്റളവിൽ എഫ്.എം പരിപാടികൾ ലഭിക്കും. വാഹനങ്ങളിലെ റേഡിയോ വഴിയും പരിപാടികൾ കേൾക്കാം.

നിലവിൽ പത്തനംതിട്ട കേന്ദ്രമാക്കി സ്വകാര്യ എഫ്.എം റേഡിയാേ സംപ്രേഷണമില്ല. മലകൾ ഏറെയുള്ള പത്തനംതിട്ടയിൽ പ്രസരണം എല്ലായിടത്തും ലഭിക്കില്ലെന്ന വിലയിരുത്തിലിനെ തുടർന്നാണ് സ്വകാര്യസംരംഭകർ രംഗത്തുവരാത്തത്. പരസ്യവരുമാനവും കുറവായിരിക്കുമെന്നാണ് നിഗമനം.

പത്തനംതിട്ട എഫ്.എം 100 വാട്ട്സ് പ്രസരണ ശേഷിയുള്ളതായിരിക്കും. സ്റ്റുഡിയോ ഇല്ലാത്തതിനാൽ തിരുവനന്തപുരത്തെയോ ഡൽഹിയിലെയോ എഫ്.എം സ്റ്റേഷനുകളിൽ നിന്നുള്ള പരിപാടികളായിരിക്കും പത്തനംതിട്ടയിൽ ലഭിക്കുക.

മണ്ണാറമലയിൽ 32 വർഷമായി പ്രവർത്തിച്ചിരുന്ന ദൂരദർശൻ റിലേ കേന്ദ്രം ഈ മാസം ഒന്നുമുതലാണ് പ്രവർത്തനം നിറുത്തിയത്.

എഫ്.എം പരിപാടികൾ 15കി.മീ. ചുറ്റളവിൽ,

സ്റ്റുഡിയോ ഇല്ല

Advertisement
Advertisement