കൗമാരക്കാരെ ചേർത്തുനിറുത്താൻ ജില്ലാ പഞ്ചായത്ത് ചങ്കാണ്...,​ ഒപ്പമുണ്ട്

Saturday 06 November 2021 12:13 AM IST

 പദ്ധതിയ്ക്ക് ശിശുദിനത്തിൽ തുടക്കം

കോഴിക്കോട്: അദ്ധ്യയനവും അദ്ധ്യാപനവും ഓൺലൈനിൽ മാത്രമായപ്പോൾ സ്വാതന്ത്ര്യവും സൗഹൃദവും വീടുകളിലേക്ക് ഒതുക്കേണ്ടി വന്ന കൗമാരക്കാരുടെ മാനസികസമ്മർദ്ദം കുറയ്ക്കാൻ 'ചങ്ക് " പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്.

നേരത്തെ ആവിഷ്‌കരിച്ച 'എഡ്യൂകെയർ" പദ്ധതിയുടെ ഭാഗമായാണ് 'ചങ്ക് " എന്ന പേരിൽ വിപുലമായ മുഖാമുഖ പരിശീലന പരിപാടി നടപ്പാക്കുന്നത്. നവംബർ 14 ന് ശിശുദിനത്തോടനുബന്ധിച്ച് പദ്ധതിയ്ക്ക് തുടക്കമാകും. എയ്ഡഡ് സ്ഥാപനങ്ങൾ ഉൾപ്പെടെ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 114 സ്‌കൂളുകൾ കേന്ദ്രീകരിച്ച് നവംബർ 14 മുതൽ ജനുവരി 31 വരെ നീളുന്നതാണ് പദ്ധതി. ഡോക്ടർമാരെ കൂടാതെ കൗൺസലർമാർ, മന:ശ്ശാസ്ത്ര വിദഗ്ദ്ധർ എന്നിവരുടെ നേതൃത്വത്തിലായിരിക്കും ഓരോ വിദ്യാലയത്തിലും മുഖാമുഖം.

 പരിശീലനം നാല് മൊഡ്യൂളുകളിൽ

കൗമാര വിദ്യാഭ്യാസ മേഖലയിലെ വിദഗ്ദ്ധർ തയ്യാറാക്കിയ നാല് മൊഡ്യൂളുകളാണ് പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി പങ്ക് വെക്കുക. പരിശീലനത്തിന് നേതൃത്വം നൽകുന്ന റിസോഴ്‌സ് പേഴ്‌സൺമാരെ തിരഞ്ഞെടുത്തു കഴിഞ്ഞു. നവംബർ 10, 11 തീയതികളിൽ ഇവർക്ക് പ്രത്യേക പരിശീലനം നൽകും. മുഖാമുഖത്തിനു പുറമെ കുട്ടികൾക്ക് തങ്ങളുടെ പ്രശ്‌നങ്ങൾ മെന്റർമാരുമായി പങ്ക് വെക്കുന്നതിന് ഓൺലൈൻ സാമൂഹ്യമാദ്ധ്യമവും ഉപയോഗപ്പെടുത്താനുള്ള അവസരമുണ്ടാവും.

പരിശീലന മൊഡ്യൂൾ തയ്യാറാക്കുന്നതിനുള്ള ആദ്യയോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്‌സൺ എൻ.എം.വിമല, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.അഹമ്മദ് കബീർ എന്നിവർ സംബന്ധിച്ചു. എഡ്യുകെയർ കോ ഓർഡിനേറ്റർ യു.കെ. അബ്ദുന്നാസർ, ഡോ.രാഹുൽ, ഡോ. സുജീറ, ചൈൽഡ് ലൈൻ കോ ഓർഡിനേറ്റർ അഫ്‌സൽ എന്നിവർ നേതൃത്വം നൽകി. വിവിധ സ്‌കൂളുകളിലെ കൗൺസലർമാരും പങ്കെടുത്തു.

 ലക്ഷ്യങ്ങൾ ഇവ

1. കൗമാരക്കാരുടെ പെരുമാറ്റപ്രശ്‌നങ്ങൾ തിരിച്ചറിയുക.

2. പ്രശ്നങ്ങൾ പരിഹരിക്കാൻ രക്ഷിതാക്കളെയും പ്രാപ്തരാക്കുക.

3. സുരക്ഷിത കൗമാരത്തിന് കഴിവ് സ്വായത്തമാക്കാൻ തുണയ്ക്കുക.

4. കുട്ടികളിൽ ആരോഗ്യശീലങ്ങൾ ഉറപ്പാക്കുക.

5. പഠനം ഓഫ് ലൈനിലേക്ക് മാറുമ്പോഴുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കുക

6. പരീക്ഷയും പഠനവും സംബന്ധിച്ച ബുദ്ധിമുട്ടുകൾ പരിഹരിക്കുക

 മൊബൈൽ 'കെണി"യിൽ വീഴാതെ നോക്കാൻ

ഓൺലൈൻ ക്ലാസുകളുമായി വീടകങ്ങളിൽ ഒതുങ്ങിപ്പോയ കൗമാരക്കാരുടെ മാനസിക സാമൂഹിക പ്രശ്‌നങ്ങൾ രക്ഷിതാക്കളെയും ബാധിക്കുന്നതെന്നാണ് വിലയിരുത്തൽ. മൊബൈൽ ഫോൺ അമിതോപയോഗവും ഗെയിം ആസക്തിയും വലിയ വെല്ലുവിളിയാവുകയാണ്. മുൻവർഷങ്ങളിൽ നിന്നു വ്യത്യസ്തമായി കൂടുതൽ മുന്നൊരുക്കങ്ങൾ അനിവാര്യമായിരിക്കുകയാണ് വിദ്യാഭ്യാസ മേഖലയിൽ. ശാരീരിക - മാനസിക - സാമൂഹിക വികാസ തലങ്ങളെ ശാസ്ത്രീയമായി പരിഗണിച്ച് അതിജീവനത്തിന്റെ സുഗമമായ പാതയൊരുക്കുകയാണ് സമഗ്ര കൗമാര വിദ്യാഭ്യാസ പദ്ധതിയാണ് ചങ്ക് വഴി ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നത്.