എട്ടാം ക്ളാസുകൾ തിങ്കളാഴ്ച മുതൽ

Friday 05 November 2021 11:34 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ടാം ക്ളാസ് വിദ്യാർത്ഥികൾക്ക് തിങ്കളാഴ്ച മുതൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ക്ലാസുകൾ ആരംഭിക്കും. 8,​9 ക്ളാസുകൾ 15ന് ആരംഭിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. 9ാം ക്ളാസ് മുൻനിശ്ചയിച്ചത് പോലെ 15ന് തുടങ്ങും. 3, 5, 8 ക്ലാസുകൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികളുടെ പഠനനേട്ടവും അദ്ധ്യയന സാഹചര്യവും വിലയിരുത്താനായി കേന്ദ്ര മാനവശേഷി മന്ത്രാലയം നടത്തുന്ന നാഷണൽ അച്ചീവ്‌മെന്റ് സർവേ 12 മുതൽ നടക്കുന്നതിനാലാണിതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഈ സമയം കുട്ടികൾ ക്ളാസിലുണ്ടാകേണ്ടത് നിർബന്ധമാണ്. ഇല്ലെങ്കിൽ കേരളം സർവേയിൽ ഉൾപ്പെടില്ല.

ആദ്യ രണ്ടാഴ്‌ച രാവിലെ 9 മുതൽ ഉച്ചവരെയാവും ക്ളാസുകൾ. ഓരോ ബാച്ചിനും മൂന്ന് ദിവസം തുടർച്ചയായി ക്ളാസ് എന്ന രീതിയിലാണ് ക്രമീകരണങ്ങൾ. രണ്ടാഴ്‌ചയ്ക്ക് ശേഷം അവലോകന യോഗത്തിന് ശേഷം കുട്ടികളുടെ എണ്ണം,​ ഷിഫ്‌റ്റ് അടക്കമുള്ള കാര്യങ്ങളിൽ മാറ്റം വേണമോയെന്ന് തീരുമാനിക്കും.