ദ്വിദിന പണിമുടക്ക് : കെ.എസ്.ആർ.ടി.സിക്ക് നഷ്ടം 9 കോടി രൂപ

Friday 05 November 2021 11:50 PM IST

അവഗണിക്കുന്നതിന്റെ പ്രതിഷേധമെന്ന് സംഘടനകൾ

തിരുവനന്തപുരം: യാത്രക്കാർ പൊതുഗതാഗതത്തിലേക്ക് തിരിച്ചുവരികയും അതനുസരിച്ച് കെ.എസ്.ആർ.ടി.സിയുടെ വരുമാനത്തിൽ വർദ്ധന ഉണ്ടാവുകയും ചെയ്തപ്പോഴാണ് തൊഴിലാളി സംഘടനകൾ രണ്ടു നാൾ നീണ്ടു നിൽക്കുന്ന പണിമുടക്ക് നടത്തുന്നത്. സമരത്തിന്റെ തലേനാളിലെ വരുമാനം കണക്കാക്കിയാൽ രണ്ടു ദിവസത്തെ പണിമുടക്ക് വരുമാനത്തിൽ നിന്ന് ചോർത്തുന്നത് ഒൻപത് കോടി രൂപയാണ്. എന്തിനും ഏതിനും സർക്കാരിനു മുന്നിൽ കൈനീട്ടി നിൽക്കുന്ന കെ.എസ്.ആർ.ടി.സിയെ സംബന്ധിച്ചിടത്തോളം ഈ നഷ്ടം വലുതാണ്. എന്നാൽ സമരം ഒഴിവാക്കാൻ കഴിയാത്തതാണെന്നും ഒട്ടേറെ തവണ അവഗണിച്ചതിലുള്ള പ്രതിഷേധമാണിതെന്നും സംഘടനകൾ ന്യായീകരിക്കുന്നു.

ഒരു കോടി രൂപയ്ക്കു താഴെ കൂപ്പുകുത്തിപ്പോയ പ്രതിദിന കളക്ഷനിൽ നിന്നും മെല്ലെ വർദ്ധിച്ച് സമരത്തലേന്ന് നാലരക്കോടി പിന്നിട്ടിരുന്നു. കൊവിഡ് ഭീതിയിൽ ബസിൽ കയറാൻ മടിച്ചുനിന്നവരിൽ നല്ലൊരു ഭാഗവും തിരിച്ചു വന്നതാണ് കാരണം. അപ്പോഴാണ് തൊഴിലാളി സംഘടനകൾ പണിമുടക്ക് പ്രഖ്യാപിച്ചത്.

രണ്ടാം ലോക്ക്ഡൗണിനു ശേഷം ജൂൺ പകുതിയോടെയാണ് പൊതുഗതാഗതം ചലിച്ചു തുടങ്ങിയത്. ആയിരത്തിലേറെ ബസ് സർവീസുകൾ കെ.എസ്.ആർ.ടി.സി ആദ്യനാളുകളിൽ നടത്തിയെങ്കിലും യാത്രക്കാർ മടിച്ചു നിന്നു. വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണം കൂടുകയും രോഗബാധിതരുടെ എണ്ണത്തിൽ കുറവു വരികയും ചെയ്തതോടെ യാത്രക്കാരുടെ മടി കുറഞ്ഞു. ഓണത്തിനുശേഷം ജനജീവിതം സാധാരണഗതിയിലേക്ക് മടങ്ങുകയും സ്ഥാപനങ്ങൾ പ്രവർത്തിച്ചുതുടങ്ങുകയും ചെയ്തതോടെയാണ് ജനം ട്രാൻസ്പോർട്ട് ബസുകളിൽ കൂടുതലായി യാത്ര ചെയ്തുതുടങ്ങിയത്.