കൊച്ചി കാൻസർ സെന്റർ ഇനിയും നീളും കാത്തിരിപ്പ്

Saturday 06 November 2021 12:40 AM IST

കൊച്ചി: ഈ മാസം 10 ന് പുനരാരംഭിക്കുന്ന കൊച്ചി കാൻസർ സെന്ററിന്റെ നിർമ്മാണം പൂർത്തിയാകാൻ ഇനിയും ഒന്നരവർഷം കാത്തിരിക്കണം. ആർക്കിടെക്ചർ സ്ഥാപനത്തിന്റെ സഹായവും ഉറപ്പാക്കി സമയബന്ധിതമായി കെട്ടിടം പൂർത്തിയാക്കാൻ ധനസഹായം നൽകുന്ന കിഫ്ബിയും മേൽനോട്ടം വഹിക്കുന്ന ഇൻകെലും സെന്റർ അധികൃതരും പ്രവർത്തനങ്ങൾ തുടർച്ചയായി വിലയിരുത്തും.

നാൽപ്പതു ശതമാനം നിർമ്മാണം പൂർത്തിയാക്കിയ പി ആൻഡ് സി എന്ന കരാർ സ്ഥാപനത്തെ ഒഴിവാക്കിയാണ് പുതിയ കരാറുകാർക്ക് നിർമ്മാണം ഏല്പിച്ചത്. നിർമ്മാണത്തിലെ ഗുണമേന്മക്കുറവും കാലതാമസവും മൂലമാണ് ആദ്യത്തെ കരാറുകാരനെ കിഫ്ബിയുടെ നിർദ്ദേശപ്രകാരം മാറ്റിയത്. ഒഴിവാക്കപ്പെട്ട കരാറുകാർ നൽകിയ ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് രാജസ്ഥാൻ ആസ്ഥാനമായ ജാഥൻ കൺസ്ട്രക്ഷൻസ് നിർമ്മാണം ഏറ്റെടുക്കുന്നത്.

ഈ മാസം 10ന് ഭൂമിപൂജയോടെ നിർമ്മാണം പുനരാരംഭിക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. 200 വിദഗ്ദ്ധ തൊഴിലാളികളെ സ്ഥലത്ത് എത്തിച്ചു. നിർമ്മാണം പുരോഗമിക്കുന്ന മുറയ്ക്ക് 200 പേരെക്കൂടി എത്തിച്ച് വേഗത്തിലാക്കും. കരാർ കമ്പനിയുടെ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മുന്നൊരുക്കങ്ങൾ ആരംഭിച്ചു. നിർമ്മാണസാമഗ്രികൾ ശേഖരിക്കുന്നതുൾപ്പെടെ നടപടികൾ ആരംഭിച്ചു. 18 മാസം കൊണ്ട് മുഴുവൻ നിർമ്മാണവും പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്ന് ഇൻകെൽ അധികൃതർ അറിയിച്ചു. രണ്ടാഴ്ചയിൽ ഒരിക്കൽ ബന്ധപ്പെട്ട അധികൃതർ യോഗം ചേർന്ന് നിർമ്മാണപുരോഗതി വിലയിരുത്തും.

കെട്ടിടം പൂർത്തിയാക്കുന്നതിന് ആർക്കിടെക്ടിന്റെ സേവനവും ലഭ്യമാക്കും. ചെന്നൈയിലെ സ്കൈഡോം ഡിസൈൻസാണ് സേവനം നൽകുക. ആശുപത്രികളുടെ നിർമ്മാണത്തിൽ ശ്രദ്ധിക്കുന്ന സ്ഥാപനത്തിന്റെ നിർദ്ദേശം കൂടി സ്ഥീകരിച്ച് കെട്ടിടത്തിന്റെ മുൻഭാഗത്തിന്റെ രൂപകല്പന തയ്യാറാക്കും. സെന്ററിന്റെ മുൻ ഡയറക്‌ടർ ഡോ. മോനി കുര്യാക്കോസ് ഇടപെട്ടാണ് ആർക്കിടെക്ടിന്റെ സേവനം ലഭ്യമാക്കിയത്. തുടർനടപടികൾ സൂപ്രണ്ട് ഡോ. പി.ജി. ബാലഗോപാലിന്റെ നേതൃത്വത്തിൽ തീരുമാനിക്കും.

സെന്റർ ആരംഭിച്ച് കഴിഞ്ഞ നവംബർ ഒന്നിന് അഞ്ചു വർഷം പൂർത്തിയായെങ്കിലും പ്രധാന കെട്ടിടത്തിന്റെ നിർമ്മാണം ഇനിയും പൂർത്തിയായിട്ടില്ല. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്മെന്റ് ഉൾപ്പടെ നിരന്തരം നടത്തിയ ഇടപെടലുകളെ തുടർന്നാണ് പത്തു മാസത്തോളം സ്തംഭിച്ച നിർമ്മാണം പുനരാരംഭിക്കുന്നത്. മദ്ധ്യകേരളത്തിലെ പാവപ്പെട്ട കാൻസർ രോഗികൾക്ക് ആശ്രയമാണ് കൊച്ചി കാൻസർ സെന്റർ. സെന്റർ പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ തിരുവനന്തപുരം ആർ.സി.സിയെ ആശ്രയിക്കുന്ന രോഗികൾക്ക് കൊച്ചിയിൽ വിദഗ്ദ്ധ ചികിത്സ ലഭ്യമാകും.

Advertisement
Advertisement