കൈവശഭൂമിക്ക് പട്ടയം നൽകാൻ ഒന്നരലക്ഷം: വില്ലേജ് ഓഫീസറും ഫീൽഡ് അസിസ്റ്റന്റും വിജിലൻസ് പിടിയിൽ 

Saturday 06 November 2021 1:07 AM IST

ചീമേനി: എഴുപതു വർഷമായി കൈവശം വയ്ക്കുന്ന ഭൂമിക്ക് പട്ടയം നൽകുന്നതിന് ഒന്നര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട ചീമേനി വില്ലേജ് ഓഫീസർ കരിവെള്ളൂർ തെരുവിലെ അമേയം വീട്ടിൽ എ. വി സന്തോഷ്, ഫീൽഡ് അസിസ്റ്റന്റ് തവിടിശേരി പുതിയവളപ്പിലെ കെ.സി മഹേഷ് എന്നിവരെ കാസർകോട് വിജിലൻസ് സംഘം പിടികൂടി. ആവശ്യപ്പെട്ട തുകയിൽ പതിനായിരം രൂപ വാങ്ങുന്നതിനിടെയാണ് ഇന്നലെ ഉച്ചയോടെ ഡിവൈ.എസ്.പി കെ. വി വേണുഗോപാലൻ, സി.ഐ സിബി തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ചീമേനി ഞണ്ടാടിയിൽ താമസിക്കുന്ന ടി. പ്രമോദിന്റെ ഭാര്യ പി. നിഷയാണ് പരാതിക്കാരി. 2019വരെ വസ്തു നികുതി അടച്ച സ്ഥലത്തിന് പട്ടയം ലഭിക്കുന്നതിന് രണ്ടുവർഷം മുമ്പ് അപേക്ഷ നൽകിയിരുന്നു. രേഖകൾ കമ്പ്യൂട്ടർവത്കരിക്കുന്നു എന്നുപറഞ്ഞ് രണ്ടു വർഷമായി നികുതി വാങ്ങിയിരുന്നില്ല. ഇതിനിടെ നിഷയുടെ പിതാവ് നാരായണൻ മരിച്ചു. തുടർന്ന് നിഷ പ്രത്യേകം അപേക്ഷ നൽകി. വില്ലേജ് ഓഫീസർ ഒന്നര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. കൂലിവേല ചെയ്തു ജീവിക്കുന്ന നിഷ താലിമാല വിറ്റ് 25000 രൂപ നൽകാമെന്ന് പറഞ്ഞപ്പോൾ വെള്ളിയാഴ്ച എത്താൻ ആവശ്യപ്പെട്ടു. നിഷ വിജിലൻസിനെ സംഭവം അറിയിച്ചു. വിജിലൻസ് നൽകിയ 10000 രൂപയുടെ നോട്ടുകളുമായി നിഷ വില്ലേജ് ഓഫീസിൽ എത്തി മഹേഷിന് പണം കൈമാറി. ഇയാൾ പണം വില്ലേജ് ഓഫീസർക്ക് കൈമാറിയതിന് പിന്നാലെ വിജിലൻസ് സംഘം എത്തി പിടികൂടുകയായിരുന്നു.

Advertisement
Advertisement