അനുപമയുടെ മൊഴിയെടുത്തു, സർട്ടിഫിക്കറ്റുകൾ വിട്ടുനൽകാൻ നിർദ്ദേശം, വനിതാ കമ്മിഷൻ മുമ്പാകെ മാതാപിതാക്കൾ എത്തിയില്ല

Saturday 06 November 2021 1:10 AM IST

തിരുവനന്തപുരം: തന്റെ സമ്മതമില്ലാതെ കുട്ടിയെ ദത്ത് നൽകിയെന്ന പരാതിയിൽ സംസ്ഥാന വനിതാ കമ്മിഷൻ അനുപമയുടെ മൊഴിയെടുത്തു. ഇന്നലെ ജവഹർ ബാലഭവനിൽ നടന്ന കമ്മിഷൻ അദാലത്തിലെത്തിയാണ് അനുപമ തന്റെ ഭാഗം വിശദീകരിച്ചത്. കേസിൽ എതിർകക്ഷികളായ അനുപമയുടെ മാതാപിതാക്കൾ എത്തിയില്ല. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാൽ ഹാജരാകുന്നില്ലെന്ന് ഇവർ രേഖാമൂലം കമ്മിഷനെ അറിയിച്ചു.

വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖകളും വീട്ടിൽ തടഞ്ഞുവച്ചിരിക്കുകയാണെന്നും അത് വിട്ടു നൽകണമെന്നും അനുപമ ആവശ്യപ്പെട്ടു. തുടർന്ന് രേഖകൾ ഇന്ന് വൈകിട്ട് മൂന്നിന് മുമ്പായി കമ്മിഷൻ ആസ്ഥാനത്ത് ഹാജരാക്കണമെന്ന് എതിർകക്ഷികൾക്ക് കമ്മിഷൻ രേഖാമൂലം നിർദ്ദേശം നൽകി. പരാതി സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഹാജരാക്കാൻ പൊലീസ്, ശിശുക്ഷേമ സമിതി, വനിതാ ശിശു വികസന വകുപ്പ് എന്നിവയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിക്കാത്ത സാഹചര്യത്തിൽ വീണ്ടും കത്ത് അയച്ചു. കമ്മിഷൻ അദ്ധ്യക്ഷ അഡ്വ. പി.സതീദേവി, അംഗങ്ങളായ അഡ്വ.എം.എസ്.താര , ഇ.എം.രാധ, അഡ്വ.ഷിജി ശിവജി, ഷാഹിദാ കമാൽ, ഡയറക്ടർ ഷാജി സുഗുണൻ, ലാ ഓഫീസർ പി. ഗിരിജ എന്നിവരാണ് അദാലത്തിൽ പങ്കെടുത്തത്.

 'പദവികളിൽ നിന്ന് മാറ്റി

അന്വേഷണം നടത്തണം'

പരാതിയിൽ വനിതാ കമ്മിഷന്റെ നടപടികൾ നല്ല രീതിയിലാണ് പുരോഗമിക്കുന്നതെന്ന് മൊഴിനൽകിയ ശേഷം അനുപമ മാദ്ധ്യമങ്ങളോട് പറഞ്ഞു. ആദ്യഘട്ടത്തിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. ആരോപണം നേരിടുന്നവരെ പദവികളിൽ നിന്ന് മാറ്റി നിറുത്തി അന്വേഷണം നടത്തണം. അല്ലെങ്കിൽ പ്രത്യക്ഷ സമരവുമായി മുന്നോട്ടു പോകേണ്ടി വരുമെന്നും അനുപമ പറഞ്ഞു.

Advertisement
Advertisement