ആനവണ്ടിക്കു മുന്നിൽ വീണു, ട്രെയിൻ യാത്രികരും

Saturday 06 November 2021 1:29 AM IST

കൊല്ലം: കെ.എസ്.ആർ.ടി.സി സമരത്തിന് പ്രതിവിധിയായി ഇന്നലെ ട്രെയിൻ യാത്ര തിരഞ്ഞെടുത്തവരും വലഞ്ഞു. കാലേകൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രമാണ് ടിക്കറ്റ് ലഭിച്ചത്. ടിക്കറ്റ് എടുക്കാതെ യാത്ര ആരംഭിക്കുകയും പിഴശിക്ഷ വന്നാൽ അടയ്ക്കാൻ തയ്യാറുള്ളവരും മാത്രമാണ് ഇന്നലെ യാത്ര ചെയ്തത്.

കേരളത്തിലോടുന്ന കുറച്ചു ട്രെയിനുകൾക്ക് മാത്രമാണ് കൗണ്ടർ ടിക്കറ്റ് ലഭിക്കുന്നത്. സ്ലീപ്പർ കോച്ചുകളുള്ള എക്സ് പ്രസ് ട്രെയിനുകളിൽ കൗണ്ടർ ടിക്കറ്റ് കൊടുത്തു തുടങ്ങിയിട്ടില്ല. ട്രെയിൻ പുറപ്പെടുന്നതിനു മുൻപ് ടിക്കറ്റ് റിസർവ് ചെയ്യുന്നവർക്ക് മാത്രമേ യാത്ര ചെയ്യാനാവൂ. ഇതറിയാതെ എത്തിയവരാണ് ബുദ്ധിമുട്ടിലായത്.

കൊവിഡ് കാലത്ത് റദ്ദ് ചെയ്ത ട്രെയിനുകൾ പലതും പുനസ്ഥാപിച്ചിട്ടില്ല. ജയന്തി ജനതയും മെമുവും ഓടുന്നില്ല. കേരളത്തിൽ സ്കൂളുകൾ ഉൾപ്പെടെ ഒട്ടുമിക്ക മേഖലകളും സജീവമായിട്ടും ട്രെയിനുകൾ പുനസ്ഥാപിക്കാത്തത് പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. 10 മുതൽ 12 കോച്ചുകൾ വരെ അൺ റിസർവ്ഡ് ആയി സർവീസ് നടത്തിക്കൊണ്ടിരുന്ന ട്രെയിനുകളിൽ 4-5 കോച്ചുകൾ മാത്രമാണ് ജനറൽ വിഭാഗത്തിലുള്ളത്. സ്ഥിരയാത്രക്കാർ കൂടുതലായി ആശ്രയിച്ചിരുന്ന, ഓഫീസ് സമയം പാലിക്കുന്ന പരശുറാം, ഏറനാട്, പാലരുവി, ശബരി എക്സ് പ്രസുകളിൽ ജനറൽ കോച്ചുകൾ ആരംഭിച്ചിട്ടില്ല. തിരുവനന്തപുരത്തു നിന്ന് കോട്ടയം, ആലപ്പുഴ ഭാഗത്തേക്ക് വേണാട് ഒഴികെ ട്രെയിനുകളിൽ അൺ റിസേർവ്ഡ് കോച്ചുകൾ അനുവദിക്കാത്തതും ബുദ്ധിമുട്ടുണ്ടാക്കുന്നു.

 ആകെ പ്രതിസന്ധി

കൊല്ലത്തു നിന്ന് ആലപ്പുഴ, കോട്ടയം പാതകളിൽ സർവീസ് നടത്തിയിരുന്ന മെമു സർവീസുകൾ മുഴുവൻ പുന:സ്ഥാപിച്ചിട്ടില്ല. വൈകിട്ട് 3.50 ന് കൊല്ലത്ത് നിന്നു തിരുവനന്തപുരത്തേക്കുള്ള പാസഞ്ചർ സ്പെഷ്യൽ ട്രെയിൻ ആർക്കും പ്രയോജനപ്പെടുന്നില്ല. എറണാകുളത്ത്‌ നിന്ന് ആലപ്പുഴ ഭാഗത്തേക്ക് വൈകിട്ട് അൺ റിസേർവ്ഡ് ട്രെയിനുകൾ ഇല്ലാത്തതും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. വൈകിട്ട് നാലിനും അഞ്ചിനും ഇടയിൽ ഓടിക്കൊണ്ടിരുന്ന എറണാകുളം- കൊല്ലം മെമുവും കോട്ടയം - കൊല്ലം പാസഞ്ചറും പുനസ്ഥാപിക്കാത്തത് കടുത്ത ദുരിതമായി

Advertisement
Advertisement