അമ്മക്കോഴിയെ വിട്ട് മയിൽകുഞ്ഞുങ്ങൾ കാട്ടിലേക്ക്

Sunday 07 November 2021 12:52 AM IST

കണ്ണൂർ: അടയിരുന്ന് വിരിയിച്ച്, ഇരതേടാൻ പ്രപ്തമാക്കിയ കോഴിയമ്മയെ വിട്ട് മയിൽ കുഞ്ഞുങ്ങൾ

കാടിന്റെ തണലിലേക്ക്. പാപ്പിനിശ്ശേരി ഈന്തോട് ചട്ടുകപ്പാറ സ്വദേശി മുഹമ്മദലിയുടെ വീട്ടിലെ കോഴി വിരിയിച്ച 21 ദിവസം പ്രായമായ നാലു മയിൽകുഞ്ഞുങ്ങളെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ഈയാഴ്ച കാട്ടിലേക്ക് വിടുന്നത്.

പറമ്പിലെ കാടു വെട്ടുമ്പോൾ കിട്ടിയ അഞ്ച് മുട്ടകൾ, മലബാർ അവയർനെസ് റെസ്ക്യൂ സെന്റർ ഫോർ വൈൽഡ് ലൈഫ് പ്രസിഡന്റ് റിയാസ് മാങ്ങാടാണ് അസീൻ വിഭാഗത്തിലെ അങ്കക്കോഴികളുള്ള മുഹമ്മദലിക്ക് നൽകിയത്. പിടക്കോഴി 25 ദിവസം അടയിരുന്നപ്പോഴാണ് മുട്ട വിരിഞ്ഞത്. പിന്നെ സ്വന്തം കുഞ്ഞുങ്ങളെപ്പോലെ പോറ്റി. തള്ളക്കോഴിയോടൊപ്പമുള്ള പൂവനും മയിൽ കുഞ്ഞുങ്ങളുമായി പെട്ടെന്ന് ഇണങ്ങി. പുഴുക്കളും ചെറുമത്സ്യങ്ങളും ചോറുമെല്ലാം തിന്നാൻ തുടങ്ങിയിട്ടുണ്ട് കുഞ്ഞുങ്ങൾ. ചിറകുകൾ മുളച്ചു വരികയാണ്. രണ്ടടി വരെ പറക്കുന്നുണ്ട്.

ഉയരങ്ങളിൽ ഇരിക്കാൻ ഇഷ്ടപ്പെടുന്ന ഇവയ്ക്കായി കൂട്ടിന് മുകളിലായി കമ്പി ഉപയോഗിച്ച് കെട്ടി സംവിധാനം ഒരുക്കിയിട്ടുണ്ട്. രാത്രികാലങ്ങളിൽ ഇവ ഇവിടെയാണ് ഇരിക്കുന്നത്. ഗ്രാഫിക് ഡിസൈനറാണ് മുഹമ്മദലി.