അമ്പലപ്പുഴ വീഴ്ചയിൽ നടപടി; പരസ്യശാസന, പതറാതെ ജി. സുധാകരൻ

Sunday 07 November 2021 12:01 PM IST

തിരുവനന്തപുരം: ജനകീയനായ മുൻ മന്ത്രിയും പാർട്ടി സംസ്ഥാന കമ്മിറ്റിയിലെ മുതിർന്ന അംഗവുമായ ജി.സുധാകരനെ പരസ്യമായി ശാസിക്കാൻ സി.പി.എം തീരുമാനിച്ചതിനുപിന്നാലെ അദ്ദേഹം മുഖ്യമന്ത്രിയെയും കോടിയേരി ബാലകൃഷ്ണനെയും നേരിൽ കണ്ടു സംസാരിച്ചു. കൂടുതൽ ജാഗ്രതയോടെ മുന്നോടുപോകാനാണ് അദ്ദേഹത്തിനു കിട്ടിയ ഉപദേശമെന്നാണ് അറിയുന്നത്. അമ്പലപ്പുഴ മണ്ഡലത്തിലെ നിയസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയെന്ന വിലയിരുത്തലിനെത്തുടർന്നാണ് നടപടി. അച്ചടക്ക നടപടികളിൽ മൂന്നാമത്തേതാണ് പരസ്യശാസന.

ഇന്നലെ ചേർന്ന സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തെ അംഗീകരിച്ച സുധാകരൻ,താൻ വീഴ്ച വരുത്തിയിട്ടില്ലെന്ന് വിശദീകരിച്ചു.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എളമരം കരിമും കെ.ജെ. തോമസും ഉൾപ്പെട്ട അന്വേഷണ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

രാവിലെ ചേർന്ന സംസ്ഥാന കമ്മിറ്റിയിൽ അന്വേഷണ റിപ്പോർട്ട് അവതരിപ്പിച്ചു. പിന്നാലെ നടന്ന ചർച്ചയിൽ ആലപ്പുഴ ജില്ലയിൽ നിന്നുള്ള അംഗങ്ങൾ സുധാകരനെതിരെ വിമർശനമുയർത്തി.

ഉച്ചയ്ക്കുശേഷം മൂന്നരയ്ക്ക് ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റാണ് നടപടി തീരുമാനിച്ചത്. തിരുത്തേണ്ടത് തിരുത്തി തന്നെ പോകണമെന്ന ആമുഖത്തോടെ പി.ബി. അംഗം കോടിയേ‌രി ബാലകൃഷ്ണനാണ് തീരുമാനം വൈകിട്ട് സംസ്ഥാന കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തത്.

നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിനിർണയവേളയിലും തിരഞ്ഞെടുപ്പ് പ്രചാരണസമയത്തും പാർട്ടി സംസ്ഥാനകമ്മിറ്റി അംഗത്തിന് യോജിച്ച വിധമല്ല ജി. സുധാകരൻ പെരുമാറിയതെന്ന് സംസ്ഥാനകമ്മിറ്റി കണ്ടെത്തിയതായി യോഗത്തിനുശേഷം സി.പി.എം വാർത്താക്കുറിപ്പിൽ അറിയിച്ചു.

തെറ്റ് തിരുത്തുന്നതിന്റെ ഭാഗമായാണ് പരസ്യമായി ശാസിക്കുന്നതെന്നും സി.പി.എം വ്യക്തമാക്കി.

ആലപ്പുഴ ജില്ലയിലെ പാർട്ടിയിൽ പാർലമെന്ററി വ്യാമോഹം കൂടിവരുന്നുവെന്ന് നേരത്തേ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലും സി.പി.എം വിമർശിച്ചിരുന്നു.

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സുധാകരൻ ബോധപൂർവം നിസ്സഹകരിച്ചുവെന്ന പ്രതീതി ഉണർത്തുന്ന വിധമുള്ള ശരീരഭാഷയാണ് പ്രകടമായതെന്നാണ് കമ്മിഷന്റെ കണ്ടെത്തലെന്നറിയുന്നു. പ്രചരണവേളയിൽ ഉയർന്ന ആക്ഷേപങ്ങളെ പ്രതിരോധിക്കാൻ അദ്ദേഹം ഇടപെട്ടില്ല. തന്നെ ചുറ്റിപ്പറ്റി പ്രചരണങ്ങളുയർന്നപ്പോൾ മൗനം പാലിക്കുക വഴി അവയെ ശരിവയ്ക്കുന്നുവെന്ന തോന്നലിന് ഇടവരുത്തി.

വീഴ്ചയില്ലെന്ന് സുധാകരൻ

പാർട്ടി തീരുമാനം അംഗീകരിച്ചുകൊണ്ട് സംസാരിച്ച ജി. സുധാകരൻ,​ അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ താൻ വീഴ്ച വരുത്തുകയോ തെറ്റ് ചെയ്യുകയോ ഉണ്ടായിട്ടില്ലെന്ന് വിശദീകരിച്ചു. തനിക്കെതിരെ അവിടെ ഗൂഢാലോചനയുണ്ടായിട്ടുണ്ട്. അമ്പലപ്പുഴയിൽ വോട്ടുനില മെച്ചപ്പെടുകയാണുണ്ടായത്. ആലപ്പുഴ മണ്ഡലത്തിലടക്കം ഭൂരിപക്ഷം കുറഞ്ഞപ്പോഴാണ് അമ്പലപ്പുഴയിൽ മികച്ച നേട്ടമുണ്ടായത്.

നടപടി രണ്ടാം വട്ടം

ഇത് രണ്ടാം തവണയാണ് ജി. സുധാകരൻ അച്ചടക്കനടപടിക്ക് വിധേയനാകുന്നത്. ആലപ്പുഴ ജില്ലയിലെ രൂക്ഷമായ വിഭാഗീയതയുടെ പേരിൽ ജില്ലാസെക്രട്ടറി കൂടിയായിരുന്ന ജി. സുധാകരനെ 2002ൽ സംസ്ഥാനകമ്മിറ്റിയിൽ നിന്ന് ജില്ലാക്കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. ആലപ്പുഴയിൽ പിന്നീട് എം.എ. ബേബിയുടെ നേതൃത്വത്തിൽ പാർട്ടി അഡ്ഹോക് കമ്മിറ്റി നിലവിൽ വന്നു. 2005ലെ മലപ്പുറം സമ്മേളനത്തോടെയാണ് സംസ്ഥാനകമ്മിറ്റിയിൽ തിരിച്ചെത്തിയത്.

Advertisement
Advertisement