തനിക്കും കുടുംബത്തിനുമെതിരെ ഉപദ്രവമെന്ന് ജോജു ജോർജ്

Sunday 07 November 2021 2:17 AM IST

കൊച്ചി: വൈറ്റിലയിൽ കോൺഗ്രസ് നടത്തിയ ദേശീയപാത ഉപരോധത്തിനെതിരെ പ്രതികരിച്ചതിന് തന്നെയും കുടുംബാംഗങ്ങളെയും ഉപദ്രവിക്കുകയാണെന്നും, ജീവിതത്തെയും തൊഴിലിനെയും ബാധിക്കുന്ന വിധത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുമെന്ന് ആശങ്കയുണ്ടെന്നും നടൻ ജോജു ജോർജ് വ്യക്തമാക്കി. കാർ ആക്രമിച്ച കേസിലെ പ്രതി പി.ജി. ജോസഫിന്റെ ജാമ്യാപേക്ഷയിൽ കക്ഷി ചേരാൻ കഴിഞ്ഞ ദിവസം എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ഹർജിയിലാണ് ജോജു ഇക്കാര്യം പറഞ്ഞത്. വഴി തടയൽ സമരങ്ങൾ നടക്കുമ്പോൾ പൊതുജനത്തിന് അടിയന്തര സാഹചര്യങ്ങളിൽ കടന്നുപോകാൻ കുറച്ചു സ്ഥലം മാറ്റിവയ്ക്കണം. സമരത്തിന്റെ ഉദ്ദേശ്യം നല്ലതാണെങ്കിലും അത് ജനത്തെ ഒന്നാകെ ബുദ്ധിമുട്ടിക്കുന്ന തരത്തിലാകരുതെന്നും ഹർജിയിൽ ജോജു വ്യക്തമാക്കി. കഴിഞ്ഞ ദിവസം കോടതി പി.ജി. ജോസഫിന്റെ ജാമ്യാപേക്ഷ തള്ളിയതോടെ കക്ഷി ചേരാൻ ജോജു നൽകിയ അപേക്ഷ പരിഗണിക്കേണ്ടി വന്നില്ല.